ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പാദ മത്സരത്തില്‍ മുംബൈ സിറ്റിയും എഫ്സി ഗോവയും ഇന്ന് ഏറ്റുമുട്ടും. മുംബൈ ഫുട്ബോൾ അരീനയില്‍ രാത്രി 7.30നാണ് മത്സരം.
ഐ.എസ്.എല്‍ രണ്ടാം സെമിയുടെ ആദ്യ പാദ മത്സരം ഇന്ന് - ഗോവ
മുംബൈ സിറ്റി - എഫ്സി ഗോവ രണ്ടാം സെമിയുടെ ആദ്യ പാദം ഇന്ന് മുംബൈ അരീനയില്‍.
ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ടീമായ എഫ്.സി ഗോവ രണ്ടാം സ്ഥാനക്കാരായാണ് ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ഈ സീസണില്‍ ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമാണ് ഗോവ. ഇത് നാലാം തവണയാണ് ഗോവ സെമിയില്‍ കടക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകൾ അടിച്ചുകൂട്ടിയ ഗോവ വഴങ്ങിയത് 20 ഗോളുകൾ മാത്രമാണ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് മുംബൈ കാഴ്ചവച്ചതെങ്കിലും ഗോവയ്ക്കെതിരെ ദയനീയ പ്രകടനമാണ് കഴിഞ്ഞ രണ്ട് പോരാട്ടങ്ങളിലും പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കുമാണ് മുംബൈ സിറ്റി തോറ്റത്.
ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുംബൈ ഈ പരാജയങ്ങൾക്കുള്ള മറുപടി നല്‍കാനാകും ഇന്ന് ശ്രമിക്കുക. മുംബൈ സിറ്റിയുടെ രണ്ടാം സെമിഫൈനലാണിത്. മികച്ച ഫോമില്‍ കളിക്കുന്ന ഗോവ തങ്ങളുടെ ആദ്യ കിരീടം എന്ന സ്വപ്നം ഈ സീസണില്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ്. കോറോയും എഡു ബേഡിയുമാണ് ഗോവയുടെ പ്രധാന കരുത്ത്. അടുത്ത കാലത്ത് പ്രതിരോധ നിര കൂടി ശക്തമാക്കിയതോടെ ഗോവയെ എളുപ്പത്തില്‍ തളയ്ക്കാൻ മുംബൈക്ക് കഴിഞ്ഞേക്കില്ല.