ന്യൂഡല്‍ഹി: തായിലൻഡില്‍ ആരംഭിക്കാനിരിക്കുന്ന കിംഗ്സ് കപ്പിനുള്ള 23 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. മലയാളി യുവ മിഡ്ഫീല്‍ഡർ സഹല്‍ അബ്ദുല്‍ സമദ് ടീമില്‍ ഇടം നേടിയപ്പോൾ മറ്റൊരു മലയാളി താരമായ ജോബി ജസ്റ്റിൻ ടീമില്‍ നിന്ന് പുറത്തായി.
കിംഗ്സ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഹല്‍ ടീമില്‍ - കിംഗ്സ് കപ്പ്
സഹല്‍ അബ്ദുല്‍ സമദ് ടീമില്‍ ഇടം നേടിയപ്പോൾ മറ്റൊരു മലയാളി താരമായ ജോബി ജസ്റ്റിനെ ടീമില്‍ നിന്ന് ഒഴിവാക്കി
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശരാക്കി കൊണ്ടാണ് ജോബി ജസ്റ്റിനെ ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച്ച് ടീമില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഐ-ലീഗ് സീസണില്‍ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനമായിരുന്നു ജോബി കാഴ്ചവച്ചത്. എന്നിട്ടും താരത്തിനെ മുൻ പരിശീലകൻ കോൺസ്റ്റന്‍റൈൻ തഴഞ്ഞിരുന്നു. സ്റ്റിമാച്ച് ജോബിയെ കിംഗ്സ് കപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചപ്പോൾ സന്തോഷിച്ച ഫുട്ബോൾ പ്രേമികളാണ് ഇപ്പോൾ നിരാശരായിരിക്കുന്നത്. ജോബിയെ ഒഴിവാക്കിയതോടെ സഹല്‍ മാത്രമാണ് ടീമിലെ മലയാളി താരം. ഐഎസ്എല്‍ സീസണില്‍ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹല്‍ കാഴ്ചവച്ചത്.
ഇഗോർ സ്റ്റിമാച്ച് പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്‍റാണ് കിംഗ്സ് കപ്പ്. 1968 മുതല്‍ തായിലൻഡ് ഫുട്ബോൾ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കിംഗ്സ് കപ്പില്‍ 1977, 1981 വർഷങ്ങളിലാണ് ഇന്ത്യ പങ്കെടുത്തത്. ഇന്ത്യക്ക് പുറമെ തായിലൻഡ്, കുറക്കാവോ, വിയറ്റ്നാം എന്നീ ടീമുകളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്.