ന്യൂഡൽഹി: അടുത്തിടെ ഗോവയിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ പ്രശംസിച്ച് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യക്ക് പ്രശംസ
ആദ്യമായാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ നടക്കുന്നത്
ഏപ്രിൽ 14 മുതൽ 29 വരെ ഗോവയിലെ ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 12 മത്സരങ്ങളാണ് നടന്നത്. നവാഗതരായ എഫ്‌സി ഗോവ, പെർസെപോളിസ് എഫ്‌സി (ഇറാൻ), അൽ വഹ്ദ (യുഎഇ), അൽ റയ്യാൻ (ഖത്തർ) എന്നിവരുടെ മത്സരങ്ങളാണ് നടന്നത്. ആദ്യമായാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ നടക്കുന്നത്.
അഞ്ച് വിജയങ്ങളും ഒരു തോൽവിയുമായി പെർസെപോളിസ് എഫ്‌സി 15 പോയിന്‍റുമായി ഒന്നാമതെത്തി. അൽ വഹ്ദ 13 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും എഫ്‌സി ഗോവ മൂന്ന് പോയിന്‍റുമായി മൂന്നാമതുമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഉയർന്ന തലത്തിലുള്ള സംഘാടനം ഉറപ്പുവരുത്തുന്നതിൽ എഐഎഫ്എഫിന്‍റെയും ലോക്കൽ ഓർഗനൈസേഷൻ കമ്മിറ്റിയുടെയും അർപ്പണബോധം, കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവ കാരണമാണ് ഈ വിജയം നേടാനായതെന്നതിൽ സംശയമില്ലെന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.