ആന്‍ഫീല്‍ഡ്:ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവർപൂളിന് പ്രീ ക്വാർട്ടറിലെത്താൻ ഇനിയും കാത്തിരിക്കണം. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ഉണ്ടായിട്ടും ഗ്രൂപ്പിലെ നിർണായക മത്സരത്തില്‍ ലിവർപൂളിന് നാപ്പോളിയോട് സമനില വഴങ്ങേണ്ടി വന്നു. ഇതോടെ ഇരു ടീമുകൾക്കും പ്രീ ക്വർട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിർണയകമായി.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സ് നാപ്പോളിക്കായി ആദ്യം വല ചലിപ്പിച്ചു. രണ്ടാം പകുതിയിലെ 65-ാം മിനിട്ടില്‍ ഡിയാന്‍ ലോവ്‌റെനിലൂടെ ലിവർപൂൾ സമനില പിടിച്ചു. ലീഡ് ഉയർത്താന്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ നേടാനായില്ല.
അഞ്ച് മത്സരങ്ങളില്‍ നിന്നും 10 പോയന്‍റുമായി ലിവർപൂളാണ് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത്. ഒരു പോയന്‍റ് മാത്രം വ്യത്യാസത്തില്‍ ഒമ്പത് പോയന്‍റുമായി നാപോളി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഏഴ് പോയന്‍റുമായി റെഡ്ബുൾ സാല്‍സ്ബര്‍ഗ് മൂന്നാം സ്ഥാനത്താണ്. റെഡ്ബുളുമായി അവരുടെ ഹോം ഗ്രൗണ്ടിലാണ് ലിവര്‍പൂളിന്‍റെ ഗ്രൂപ്പ് തലത്തിലെ അവസാന മത്സരം.
അതേസമയം മറ്റൊരു മത്സരത്തില്‍ റെഡ്ബുൾ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ജെങ്കിന്‍റെ വല നിറച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റെഡ് ബുൾ വിജയിച്ചത്. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ഇന്‍റർമിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്ലാവിയയെയും പരാജയപ്പെടുത്തി.
ഗ്രൂപ്പ് എച്ചില്‍ വലന്‍സിയ- ചെല്‍സി മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അജാക്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലില്ലിയെ പരാജയപ്പെടുത്തി. ഇതോടെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാർട്ടർ ലൈനപ്പ് കണ്ടെത്താന്‍ വരും ദിവസങ്ങളിലെ ഗ്രൂപ്പ് തല മത്സരങ്ങൾ കൂടി പൂർത്തിയാകേണ്ടിവരും.