കേരളം

kerala

ETV Bharat / sports

ഐലീഗില്‍ റിയല്‍ കശ്‌മീരിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ - ഐലീഗ് ഫുട്ബോള്‍

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്

I-league result news  Mohun Bagan latest news  ഐലീഗ് ഫുട്ബോള്‍  മോഹന്‍ ബഗാന്‍
ഐലീഗ്: റിയല്‍ കശ്‌മീരിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍

By

Published : Jan 5, 2020, 7:51 PM IST

ശ്രീനഗര്‍:ഐ ലീഗ് ഫുട്ബോളില്‍ റിയല്‍ കശ്‌മീരിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ശ്രീനഗറിലെ ടിആര്‍സി മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ആതിഥേയരെ പരാജയപ്പെടുത്തിയത്. ജോസേബ ബെയ്‌ടിയ, നൊങ്ഡാമ്പ നവോറിം എന്നിവരാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മത്സരത്തില്‍ ഭൂരിഭാഗം സമയത്തും പന്ത് മോഹന്‍ ബഗാന്‍ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അതേസമയം ലഭിച്ച അഞ്ച് കോര്‍ണറുകളും വലയ്‌ക്കുള്ളിലാക്കാന്‍ കഴിയാതെ പോയത് റിയല്‍ കശ്‌മീരിന് തിരിച്ചടിയായി. ആദ്യ ആറ് മിനുട്ടിനുള്ളില്‍ മൂന്ന് കോര്‍ണറുകളാണ് കശ്‌മീരിന് ലഭിച്ചത്.

71-ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ധനചന്ദ്ര സിംഗിന്‍റെ ത്രോ ലഭിച്ച ജോസേബ ബെയ്‌ടിയ നിമിഷങ്ങള്‍ക്കുള്ളില്‍ പന്ത് വലയിലാക്കി. ഗോള്‍ നേടിയതിന്‍റെ ആവേശത്തില്‍ ആക്രമിച്ച് കളിച്ച മോഹന്‍ ബഗാന്‍ രണ്ട് മിനുട്ടിനകം വീണ്ടും കശ്‌മീരിന്‍റെ വലകുലുക്കി. നൊങ്ഡാമ്പ നവോറിമാണ് മോഹന്‍ ബഗാന്‍റെ ലീഡുയര്‍ത്തിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍റുമായി മോഹന്‍ ബഗാന്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തി. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്‍റുള്ള റിയല്‍ കശ്‌മീര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details