വനിത ഐ ലീഗിനായി വമ്പൻ തയ്യാറെടുപ്പുകളാണ് ഗോകുലം കേരള എഫ് സി നടത്തുന്നത്. ഇതിനോടകം തന്നെ അഞ്ച് മികച്ച താരങ്ങളെ ഗോകുലം കേരള ടീമിലെത്തിച്ചു. ഗോകുലം കേരളയുടെ രണ്ടാം വനിത ഐ ലീഗ് ടൂർണമെന്‍റാണ് ഇത്.
വനിത ഐ-ലീഗിനായി ഗോകുലം ഒരുങ്ങുന്നു
സാഫ് കപ്പിലെ മിന്നും താരം ദലിമ ചിബർ ഗോകുലത്തിനൊപ്പം.
ആറ് ടീമുകളുമായി 2017 ജനുവരിയിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആദ്യ വനിത ലീഗ് ആരംഭിച്ചത്. 2016 - 17 സീസണില്‍ ഈസ്റ്റേൺ സ്പോർടിംഗ് യൂണിയനും 2017 - 18 സീസണില്‍ റൈസിംഗ് സ്റ്റുഡന്‍റസ് ക്ലബും കിരീടം നേടി. രണ്ടാം സീസണില്‍ അരങ്ങേറിയ ഗോകുലം കേരള അഞ്ചാം സ്ഥാനക്കാരായാണ് ടൂർണമെന്‍റ് അവസാനിപ്പിച്ചത്. 2018 - 19 സീസണിന് വേണ്ടിയിറങ്ങുമ്പോൾ കിരീടത്തില്‍ കുറഞ്ഞതൊന്നും ഗോകുലം ലക്ഷ്യമിടുന്നില്ല. അതിനായി മികച്ച താരങ്ങളെ ടീമിലേക്ക് തെരഞ്ഞെടുക്കുകയാണ് ഗോകുലം.
ഇക്കഴിഞ്ഞ സാഫ് കപ്പില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ദലിമ ചിബറിനെ ഗോകുലം സൈൻ ചെയ്തത് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ദലിമ തന്നെയാകും ഗോകുലത്തിന്‍റെ പ്രധാന താരവും. ഇന്ന് ഗോകുലം സൈൻ ചെയ്തത് ഇന്ത്യൻ ഗോൾകീപ്പറായ അഞ്ജനയെയാണ്. ഇന്ത്യയുടെ സീനിയർ ടീമിനും അണ്ടർ-19 ടീമിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആസാം സ്വദേശിനിയായ അഞ്ജന. ഇന്ത്യൻ ദേശീയ താരമായ പോളി കോളിയേയും ഗോകുലം സ്വന്തമാക്കി. ഇവർക്ക് പുറമേ മലയാളി താരങ്ങളായ രേഷ്മയും അതുല്യയുമാണ് ഗോകുലം സ്വന്തമാക്കിയ പ്രധാന താരങ്ങൾ.