മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡിലെ ശൂന്യമായ ഗാലറിയെ സാക്ഷിയാക്കി ഹാട്രിക്ക് സ്വന്തമാക്കിയപ്പോള്‍ വേറിട്ട അനുഭവമാണ് ഉണ്ടായതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് മുന്നേറ്റ താരം ആന്‍റൊണി മാര്‍ഷ്യല്‍. കൊവിഡ് 19 കാരണം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരം നടന്നത്. ആരാധകര്‍ വീട്ടിലിരുന്ന് കളികണ്ടാല്‍ പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിക്കും. അവര്‍ കളി കാണുന്നുണ്ട് എന്ന് അറിയുന്നതില്‍ ആഹ്ലാദിക്കുന്നതായും മാര്‍ഷ്യല്‍ പറഞ്ഞു.
ഓള്‍ഡ് ട്രാഫോഡിലെ ഹാട്രിക്ക് വേറിട്ട അനുഭവം: ആന്‍റൊണി മാര്‍ഷ്യല്‍ - martial news
കൊവിഡ് 19 കാരണം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലെ ശൂന്യമായ ഗാലറിയെ സാക്ഷിയാക്കിയാണ് മൂന്ന് തവണ ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ വല ആന്‍റൊണി മാര്‍ഷ്യല്‍ ചലിപ്പിച്ചത്
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഇപിഎല്ലില്‍ ഹാട്രിക്ക് സ്വന്താക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മാര്‍ഷ്യലിന്‍റെ ഹാട്രിക്കാണ് യുണൈറ്റഡിനെ വിജയിപ്പിച്ചത്. സ്‌കോര്‍ 3-0. സീസണില്‍ 20 ഗോള്‍ നേട്ടം സ്വന്തമാക്കാനാണ് മാര്‍ഷ്യലിന്‍റെ ശ്രമം. കൂടെ റാഷ്‌ഫോര്‍ഡും മത്സരത്തിനുണ്ട്. ഇതിനകം 19 ഗോള്‍ വീതം സ്വന്തമാക്കിയ ഇരു മുന്നേറ്റ താരങ്ങളും യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മാര്‍ഷ്യലിന്‍റെ ഹാട്രിക്കിലെ രണ്ട് ഗോളുകള്‍ റാഷ്‌ഫോര്‍ഡിന്‍റെ അസിസ്റ്റില്‍ നിന്നാണ് പിറന്നത്. മറ്റൊരു സൂപ്പര്‍ താരം പോഗ്‌ബെക്ക് പരിക്ക് കാരണം സീസണില്‍ 10 തവണ മാത്രമെ യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടുള്ളൂ.