മാഡ്രിഡ്:റയല്‍ മാഡ്രിഡിന് വേണ്ടി 250 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ബ്രിട്ടീഷ് താരം ഗാരത് ബെയില്‍. ഐബറിനെതിരായ മത്സരത്തില്‍ ബൂട്ടണിഞ്ഞതോടെയാണ് ബെയിലിന് ഈ സുവര്‍ണ നേട്ടം സ്വന്തമാക്കാനായത്. 250 മത്സരങ്ങള്‍ കളിച്ചതിന്റെ സ്മരണാര്‍ത്ഥം ക്ലബ് പ്രസിഡന്‍റ് ഫ്‌ളോറന്റിനോ പെരസ് പ്രത്യേക ജേഴ്‌സി നല്‍കി ബെയിലിനെ ആദരിച്ചു. ലാലിഗ, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് തുടങ്ങിയവയില്‍ റയലിന് വേണ്ടി ബെയില്‍ ബൂട്ടണിഞ്ഞു. റയലിന് വേണ്ടി ഏഴ് സീസണുകളിലായി താരം പന്ത് തട്ടുന്നു. ക്ലബിന്റെ 162 ജയങ്ങളില്‍ പങ്കാളിയായ അദ്ദേഹം 105 ഗോളുകളും ഇതിനകം സ്വന്തമാക്കി.
റയലിന് വേണ്ടി 250 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ് ഗാരത് ബെയില്‍ - gareth bale news
റയലിനായി ബ്രിട്ടീഷ് വിങ്ങര്‍ ഗാരത് ബെയില്‍ 250 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 162 ജയങ്ങളില്‍ പങ്കാളിയാവുകയും 105 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു
അതേസമയം മഹാമാരിയെ തുടര്‍ന്ന് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയില്‍ ഐബറിനെതിരായ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ആധികാരിക ജയം സ്വന്തമാക്കി. ഐബറിനെതിരെ നാലാം മിനിട്ടില്‍ ടോണി ക്രൂസും 30-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസും 37-ാം മിനുട്ടില്‍ മാര്‍സെല്ലോയും ഗോളടിച്ചു. രണ്ടാം പകുതിയിലെ 60-ാം മിനിട്ടില്‍ പെഡ്രോ ബിഗാസ് ഐബറിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ട് പോയിന്‍റാക്കി കുറച്ചു. ബാഴ്‌സലോണക്ക് 61-ഉം റയലിന് 59 പോയിന്‍റുമാണുള്ളത്. ഇരവരും തമ്മിലാണ് ലീഗില്‍ കിരീട പോരാട്ടം നടക്കുന്നത്.