ഇറ്റാലിയൻ പരിശീലകൻ മാർസെലോ ലിപ്പി വീണ്ടും ചൈനയുടെ പരിശീലകനായി ചുമതലയേൽക്കും. ഖത്തര്‍ ലോകകപ്പ് യോഗ്യത ലക്ഷ്യം വെച്ചാണ് ചൈനയുടെ മുന്‍ പരിശീലകനായിരുന്ന ലിപ്പിയെ തിരിച്ചുവിളിച്ചത്. നേരത്തെ ചൈനയുടെ പരിശീലകനായിരുന്ന ലിപ്പി ജനുവരിയിലാണ് സ്ഥാനം രാജിവെച്ചത്. പിന്നീട് ഇറ്റലി ഫുട്ബോൾ ടീമിന്‍റെ മുൻ നായകൻ ഫാബിയോ കന്നവാരോയെ പരിശീലകനായി ചുമതലയേറ്റെങ്കിലും ചൈനീസ് ക്ലബ്ബ് ഗാംഗ്‌സ്ഓ എവർഗ്രാൻഡെയെ പരിശീലിപ്പികാൻ വേണ്ടി കന്നവാരോ രാജിവെച്ചു.
ലിപ്പി വീണ്ടും ചൈനയുടെ പരിശീലകനാകും
ചൈനീസ് ക്ലബ്ബ് ഗാംഗ്‌സ്ഓ എവർഗ്രാൻഡെയെ പരിശീലിപ്പികാൻ വേണ്ടി പരിശീലകൻ ഫാബിയോ കന്നവാരോ രാജിവെച്ചതിനെ തുടർന്നാണ് ലിപ്പിയുടെ നിയമനം
രണ്ടുവര്‍ഷം ചൈനയുടെ പരിശീലകനായിരുന്ന ലിപ്പി ഏഷ്യ കപ്പിന്‍റെ ക്വാർട്ടറിൽ ചൈന തോറ്റ് പുറത്തായതോടെ ജനുവരിയിൽ സ്ഥാനമൊഴിഞ്ഞിരുന്നു. അടുത്തമാസം ലിപ്പി ചുമതല ഏറ്റെടുക്കും. ഫിലിപ്പൈൻസ്, താജിക്സ്ഥാൻ ടീമുകൾക്ക് എതിരെയുള്ള സൗഹൃദ മത്സരങ്ങളാണ് ചൈന അടുത്തതായി കളിക്കുന്നത്. ഇറ്റലിയൻ ഫുട്ബോൾ ടീമിനെ കൂടാതെ സീരി എ ടീം യുവെന്‍റസിന്‍റെയും പരിശീലകനായിരുന്നു ലിപ്പി.
നാലു മാസത്തിനുശേഷം ലിപ്പി വീണ്ടും മടങ്ങിവരുമ്പോള്‍ ചൈനയുടെ പ്രതീക്ഷകളും വാനോളമാണ്. ലിപ്പി പരിശീലകനായ ശേഷം ടീമിന് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. ഫിഫ റാങ്കിങ്ങില്‍ 74-ാം സ്ഥാനത്താണ് ചൈന. ലിപ്പി സ്ഥാനമേറ്റെടുത്ത ശേഷം നടന്ന 32 മത്സരങ്ങളില്‍ 13 എണ്ണം ജയിച്ചപ്പോള്‍ 11 എണ്ണത്തില്‍ തോറ്റു. 2018 ലെ ലോകകപ്പില്‍ ചൈനയെ മത്സരിപ്പിക്കാന്‍ ലിപ്പിക്ക് കഴിഞ്ഞിരുന്നില്ല. ജൂണ്‍ ഏഴിന് നടക്കാനിരിക്കുന്ന ഫിലിപ്പൈന്‍സിനെതിരായ മത്സരമാണ് രണ്ടാം വരവിലെ ലിപ്പിയുടെ ആദ്യ പരീക്ഷണം.