ഹൈദരാബാദ്:ഐഎസ്എല്ലില്‍ രണ്ടാം ജയം തേടി മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി ഇന്നിറങ്ങും. ഹോം ഗ്രൗണ്ടില്‍ വൈകീട്ട് 7.30-ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ നേരിടും. അഞ്ച് കളിയിൽ അഞ്ച് പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ഒഡീഷ. അഞ്ച് കളിയിൽ നാല് പോയിന്‍റുള്ള ചെന്നൈയിൻ എഫ് സി പട്ടികയിൽ ഒൻപതാം സ്ഥാനത്തും.
കഴിഞ്ഞ മത്സരത്തില്‍ ലീഗില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എടികെയെ ഗോൾരഹിത സമനിലയില്‍ തളച്ചതിന്‍റെ അത്മവിശ്വാസത്തിലാണ് സന്ദർശകർ ചെന്നൈ ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങുക. അവസാന മത്സരത്തില്‍ ഒഡീഷയുടെ പ്രതിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ പരിശീലകന്‍ ജോസഫ് ഗോംബാവ്.
കഴിഞ്ഞ മത്സരത്തിലെ പ്രതിരോധ നിരയെ നിലനിർത്തി മുന്നേറ്റ നിരയില്‍ കൂടുതല്‍ പരീക്ഷണങ്ങൾക്ക് മുതിരാനാവും ഗോംബാവ് ശ്രമിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മുന്നേറ്റ നിര ഗോളടിക്കാന്‍ മറന്ന സാഹചര്യത്തില്‍ ഈ കളിയില്‍ ഒഡീഷ ആക്രമണത്തിന് മൂർച്ചകൂട്ടും.
അതേസമയം ഈ സീസണിലെ മോശം തുടക്കം മറക്കാന്‍ തുടർ ജയത്തിനും മൂന്ന് പോയന്‍റുകൾ കൂടി പോയന്‍റ് പട്ടികയില്‍ മികച്ച നിലയിലേക്ക് എത്താനും ചെന്നൈയിന്‍ എഫ്‌സി ശ്രമിക്കും. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ചെന്നൈയിന്‍ ജയം നേടിയിരുന്നു. വിജയ തുടർച്ചക്കായി അതേ നിരയെ ഇന്നും കളത്തിലിറക്കാനാകും പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ ശ്രമം.
മുന്നേറ്റ നിരയും മധ്യനിരയും പ്രതീക്ഷക്ക് ഒത്ത് ഉയരാത്തതാണ് ചെന്നൈയിനെ പ്രതിരോധത്തിലാക്കുന്നത്. ആന്ദ്രെ ഛെമ്പ്രി, നെരിജസ് വാല്‍സ്‌കിസ് എന്നിവർ ചേർന്ന മുന്നേറ്റ നിര ഗോൾ അടിക്കാത്തതും ടീമിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ അധിക സമയത്ത് മാത്രമാണ് ഇരുവരും ഈ സീസണില്‍ അകൗണ്ട് തുറന്നത്. തുടർച്ചയായ ജയങ്ങളിലൂടെ ടീമിന്‍റെ ആത്മവശ്വാസം വർധിപ്പിക്കാനുള്ള ശ്രമത്തിലാകും പരിശീലകന്‍.