ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴയ ടൂര്‍ണമെന്‍റുകളില്‍ ഒന്നായ എഫ്‌എ കപ്പിലെ സെമി പോരാട്ടങ്ങള്‍ക്ക് ഒരുങ്ങി വിഖ്യാതമായ വിംബ്ലി സ്റ്റേഡിയം. കൊവിഡ് 19 പശ്ചാത്തലത്തില്‍ ജൂലൈ 19ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുകയെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. ഇംഗ്ലണ്ടിലെ വമ്പന്‍ ടീമുകളാണ് സെമിയില്‍ മാറ്റുരക്കുന്നത്.
ആദ്യ പോരാട്ടം ചെല്‍സിയും യുണൈറ്റഡും തമ്മില്‍
ആദ്യ സെമി പോരാട്ടത്തില്‍ ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടും. ചാമ്പ്യന്‍സ് ലീഗും എഫ്‌എ കപ്പും സ്വന്തമാക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നോട്ട് പോകുന്നത്. പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയത് യുണൈറ്റഡിന് കരുത്ത് പകരുന്നുണ്ട്. റാഷ്‌ഫോര്‍ഡുള്‍പ്പെടെയുള്ള മുന്നേറ്റ താരങ്ങളും ഫോമിലാണ്. നേരത്തെ സതാംപ്റ്റണെതിരായ മത്സരത്തില്‍ വിജയിച്ചതോടെ യുണൈറ്റഡിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളും സജീവമായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് യുണൈറ്റഡിനെ പരാജയപ്പെടുത്തി എഫ്‌എ കപ്പ് സ്വന്തമാക്കിയ ചെല്‍സിയെ എഴുതി തള്ളാന്‍ സാധിക്കില്ല. ഇപിഎല്ലിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡിനെ മറികടന്ന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയ ചെല്‍സി യുണൈറ്റഡിന് വലിയ വെല്ലുവിളി ഉയര്‍ത്തും. ചെല്‍സിയുടെ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും എഫ്എ കപ്പ് സ്വന്തമാക്കാനുള്ള അവസരമാണ് ഫ്രാങ്ക് ലമ്പാര്‍ഡിന് ലഭിച്ചിരിക്കുന്നത്. പരിക്കേറ്റ എന്‍ഗോളൊ കാന്‍റെ കളിക്കില്ലെന്നത് മാത്രമാണ് ലമ്പാര്‍ഡിന് ആശങ്കയുണ്ടാക്കുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലേക്ക് എഫ്‌എ കപ്പ് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ലമ്പാര്‍ഡ്.