ലണ്ടന്‍: യൂറോപ്പ ലീഗിലെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലിന് സമനില കുരുക്ക്. ചെക്ക് ഫുട്‌ബോള്‍ ക്ലബ് സ്ലാവിയ പ്രാഹക്കെതിരെ നടന്ന പോരാട്ടത്തിലാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ അവസാന നിമിഷം സമനില വഴങ്ങിയത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലും അധികസമയത്തുമായാണ് ഇരു ടീമുകളുടെയും ഗോളുകള്‍ പിറന്നത്.
നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെ നിക്കോളാസ് പെപ്പെയിലൂടെ ആഴ്‌സണല്‍ ലീഡ് പിടിച്ചു. എന്നാല്‍ അധികസമയത്ത് അപ്രതീക്ഷിതമായി തോംസ് ഹോളിയിലൂടെ പ്രാഹ തിരിച്ചടിച്ചു. ആദ്യ പാദ ക്വാര്‍ട്ടര്‍ സമനിലയിലായതോടെ രണ്ടാം പാദം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയിക്കുന്ന ടീം സെമി ബെര്‍ത്ത് ഉറപ്പിക്കും. ഗ്രൂപ്പ് ബിയില്‍ നിന്നും ചാമ്പ്യന്‍മാരായി ആഴ്‌സണല്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചപ്പോള്‍ ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു സ്ലാവിയ പ്രാഹയുടെ ക്വാര്‍ട്ടറിലേക്കുള്ള എന്‍ട്രി.
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്‌പാനിഷ് ലാലിഗയിലെ ഗ്രാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഇംഗ്ലീഷ് മുന്നേറ്റ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ചുകന്ന ചെകുത്താന്‍മാര്‍ ആദ്യം വല കുലുക്കി. പിന്നാലെ രണ്ടാം പകുതിയിലെ അധികസമയത്ത് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പ്രീമിയര്‍ ലീഗിലെ കരുത്തര്‍ ലീഡ് ഉയര്‍ത്തി. സീസണില്‍ ഇതിനകം 24 ഗോളുകളാണ് പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ യുണൈറ്റഡിനായി അടിച്ച് കൂട്ടിയത്. ഇതില്‍ 16 ഗോളുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് പിറന്നത്. പരിശീലകന്‍ സോള്‍ഷെയറിന് കീഴില്‍ യൂറോപ്പ ലീഗില്‍ കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗിലെ കുതിപ്പ് യുറോപ്പ ലീഗിലും തുടരാനായാല്‍ ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാര്‍ക്ക് കിരീടം ഉറപ്പിക്കാനാകും. സീസണില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി യുണൈറ്റഡ് ഇതിനകം 70 ഗോളുകളാണ് അടിച്ച് കൂട്ടിയത്.
ഡച്ച് ഫുട്‌ബോള്‍ ക്ലബായ അയാക്‌സിനെതിരായ മറ്റൊരു ആദ്യപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ ക്രൊയേഷ്യന്‍ ക്ലബ്ഡി ഡിനാമോ സാഗ്രബിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പാനിഷ് ക്ലബ് വിയ്യാറയലും പരാജയപ്പെടുത്തി. ഈ മാസം 16നാണ് എല്ലാ രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും നടക്കുക.