ഗ്ലാസ്‌ഗോ:യൂറോയിലെ പ്രീ ക്വാര്‍ട്ടറില്‍ മറ്റൊരു ത്രില്ലര്‍. 120 മിനുട്ട് നീണ്ട മത്സരത്തില്‍ സ്വീഡനെ തകര്‍ത്ത് യുക്രൈന്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുക്രൈന്‍ വിജയം പിടിച്ചത്. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിന്‍റെ അവസാന നിമിഷത്തിലാണ് പകരക്കാരന്‍ ആര്‍ട്ടെം ഡോവ്ബിക്കിലൂടെ യുക്രൈന്‍ വിജയമാഘോഷിച്ചത്.
സിചെങ്കോ യുക്രൈനെ മുന്നിലെത്തിക്കുന്നു
നിശ്ചിത സമയത്ത് ഇരു സംഘവും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. അതേസമയം 27ാം മിനുട്ടില്‍ സിചെങ്കോയുടെ തര്‍പ്പന്‍ ഗോളാണ് യുക്രൈന് ലീഡ് നല്‍കിയത്. വലത് വിങ്ങില്‍ നിന്നും അന്ദ്രേ യാര്‍മലെങ്കോ നല്‍കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ സ്വീകരിച്ച സിചെങ്കോയുടെ എണ്ണം പറഞ്ഞ ഷോട്ട് വല കുലുക്കി. സ്വീഡിഷ് ഗോല്‍കീപ്പര്‍ റോബിന്‍ ഓള്‍സന്റെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്.
also read:വെംബ്ലിയിലെ ചരിത്രം തിരുത്തി ഇംഗ്ലണ്ട്; ജോക്കിം ലോയ്ക്കും സംഘത്തിനും തോല്‍വിയോടെ മടക്കം
ഫോര്‍സ്ബര്‍ഗിലൂടെ സ്വീഡന്‍റെ മറുപടി
എന്നാല്‍ 43ാം മിനുട്ടില്‍ എമില്‍ ഫോര്‍സ്ബര്‍ഗിലൂടെ സ്വീഡന്‍ സമനില പിടിച്ചു. അലക്‌സാണ്ടര്‍ ഇസാഖിന്റെ പാസ് സ്വീകരിച്ച് ഗോൾപോസ്റ്റിന് 25 വാര പുറത്ത് നിന്നുതിര്‍ത്ത് ഒരു തകര്‍പ്പന്‍ ഷോട്ടാണ് ലക്ഷ്യം കണ്ടത്. പ്രതിരോധ താരം ഇല്യ സബര്‍നിയുടെ കാലിൽത്തട്ടി ഗോള്‍വര കടന്ന പന്തിനെ തടുക്കാന്‍ യുക്രൈന്‍ ഗോള്‍ക്കീപ്പര്‍ ബുഷാനു കഴിഞ്ഞില്ല. ടൂര്‍ണമെന്‍റിലെ താരത്തിന്‍റെ നാലാം ഗോള്‍ നേട്ടം കൂടിയാണിത്. ഇതോടെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന സ്വീഡിഷ് താരമെന്ന നേട്ടവും ഫോര്‍സ്ബര്‍ഗ് സ്വന്തമാക്കി.
മാര്‍ക്കസ് ഡാനിയെല്‍സന് ചുവപ്പ്; സ്വീഡന് തിരിച്ചടി
അതേസമയം 99ാം മിനുട്ടില്‍ പ്രതിരോധ താരം മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്ത്പോയത് സ്വീഡന് തിരിച്ചടിയായി.ബെസേഡിനെ ചവിട്ടി വീഴ്ത്തിയതിനായിരുന്നു ചുവപ്പുകാര്‍ഡ് ലഭിച്ചത്. ആദ്യം മഞ്ഞക്കാര്‍ഡുയര്‍ത്തിയ റഫറി വാര്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഡാനിയെല്‍സിനെ പുറത്താക്കിയത്.
120+1–ാം മിനുട്ടില്‍ യുക്രൈന്‍
ഇതിന് പിന്നാലെ പ്രതിരോധം ശക്തമാക്കി മത്സരം പെനാല്‍റ്റിയിലേക്ക് നീട്ടാന്‍ ശ്രമം നടത്തിയെങ്കിലും സ്വീഡന്‍റെ തന്ത്രം വിജയിച്ചില്ല. 120+1–ാം മിനുട്ടില്‍ സിചെങ്കോ നല്‍കിയ ക്രോസില്‍ പകരക്കാനായിയെത്തിയ അര്‍ട്ടം ദൊവ്ബിക് തലവച്ചു. ഗോള്‍ വലയ്ക്കകത്തും സ്വീഡന്‍ പുറത്തും. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് യുക്രൈന്‍റെ എതിരാളികൾ.