കോപ്പന്‍ഹേഗന്‍: യൂറോ കപ്പിലെ സൂപ്പര്‍ ത്രില്ലറില്‍ ക്രൊയേഷ്യയെ കീഴടക്കി സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍. മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് സ്പാനിഷ് സംഘം ജയിച്ചു കയറിയത്. നിശ്ചിത സമയത്ത് മൂന്നു ഗോളുകള്‍ നേടി ഇരു സംഘവും സമനിലയായ മത്സരത്തില്‍ അധിക സമയത്ത് സ്പെയ്ന്‍ കണ്ടെത്തിയ ഇരട്ട ഗോളുകളാണ് വിധി നിര്‍ണയിച്ചത്.
മത്സരത്തിന്‍റെ 84ാം മിനുട്ട് വരെ രണ്ടു ഗോളിന് പുറകിലായിരുന്ന ക്രൊയേഷ്യ ഏഴ് മിനുട്ടിനിടെ തുടരെ നേടിയ രണ്ടു ഗോളുകളാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്. കളിയുടെ തുടക്കം മുതല്‍ തന്നെ അധിപത്യം പുലര്‍ത്തിയ സ്പാനിഷ് പട നിരവധി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ മത്സരത്തിന്‍റെ ഗതിയ്ക്ക് വിപരീതമായി 20ാം മിനുട്ടില്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ സിമോണിന്‍റെ പിഴവില്‍ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ പാബ്ലോ സറാബിയ(38ാം മിനുട്ട്)യിലൂടെ സ്പാനിഷ് സംഘം മറുപടി നല്‍കി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ സെസാര്‍ അസ്പ്ലിക്വേറ്റ(57ാം മിനുട്ട്)യിലൂടെയാണ് സ്പെയ്ന്‍ ലീഡെടുത്തത്. ഫെറാന്‍ ടോറസിലൂടെ (76ാം മിനുട്ട്) മൂന്നാം ഗോളും കണ്ടെത്തി.
also read: ട്രിപ്പിൾ സ്വർണതിളക്കം; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ദീപിക
എന്നാല്‍ മിസ്ലാവ് ഓര്‍സിച്ച് (85ാം മിനുട്ട്), മാരിയ പാസാലിച്ച് (92ാം മിനുട്ട്) എന്നിവര്‍ ഗോള്‍ മടക്കിയതോടെ കളി സമനിലയിലായി. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്‍റെ 100ാം മിനുട്ട് അല്‍വാരോ മൊറാട്ട സ്‌പെയ്‌നിനായി നാലാം ഗോള്‍ നേടി. 103ാം മിനുട്ടില്‍ മിഖേല്‍ ഒയര്‍സബാലിലൂടെയാണ് സ്‌പെയ്ന്‍ ഗോള്‍ പട്ടിക തികച്ചത്.