റോം: യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ മറുപടിയില്ലാതെ യുക്രൈന്‍ കീഴടങ്ങി. ക്വാർട്ടറിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇംഗ്ലീഷ് പട യുക്രൈനെ തകര്‍ത്തത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഹാരി മഗ്വയര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ മറ്റ് രണ്ട് ഗോളുകള്‍ കണ്ടെത്തിയത്.
തുടക്കം പാളി യുക്രൈന്‍
സ്വന്തം തട്ടകമായ വെംബ്ലിയില്‍ നടക്കുന്ന സെമിയില്‍ ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ എതിരാളി. അതേസമയം 1996-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ സെമിയിലെത്തുന്നത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ മിനിട്ടുകളില്‍ തന്നെ പിന്നിലായ യുക്രൈന് തിരിച്ചെത്താനായില്ല.
ഇംഗ്ലണ്ട് ക്യാപ്റ്റന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍
നാലാം മിനിട്ടില്‍ ഹാരി കെയ്നിന്‍റെ വകയായിരുന്നു ആദ്യ ഗോള്‍. യുക്രൈന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി റഹീം സ്റ്റര്‍ലിങ്ങ് ബോക്സിലേക്ക് നീട്ടി നല്‍കിയ പാസില്‍ കെയ്ന്‍ ഗോള്‍കീപ്പര്‍ ബുഷ്ചാനിനെ മറി കടക്കുകയായിരുന്നു. ജര്‍മനിക്കെതിരായ മത്സരത്തോടെ ടൂര്‍ണമെന്‍റിലെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച ഇംഗ്ലീഷ് ക്യാപ്റ്റന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ യുക്രൈന്‍ പിടിച്ചു നിന്നു.