റോം: യൂറോ കപ്പിന് ഇന്ന് കിക്കോഫ്. പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഇറ്റലിയും തുര്‍ക്കിയുമാണ് ഉദ്ഘാനട മത്സരത്തില്‍ കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം. (സോണി സിക്സ്, സോണി ടെന്‍ 1, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ലഭ്യമാണ്) ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ നിരയുമായി ഇറ്റലിയെത്തുമ്പോള്‍ യുവത്വം കൊണ്ടാവും തുര്‍ക്കി മറുപടി നല്‍കുക. എന്നാല്‍ വിള്ളലില്ലാത്ത പ്രതിരോധം തന്നെയാണ് തുര്‍ക്കിയുടേയും കരുത്ത്.
തോല്‍വിയറിയാതെ മാൻസിനിയും സംഘവും
പരിശീലകനായ റോബെർട്ടോ മാൻസിനിക്ക് കീഴില്‍ ഇത്തവണ മികച്ച ഫോമിലാണ് ഇറ്റലി. കഴിഞ്ഞ 27 മത്സരങ്ങളില്‍ മാന്‍സിയുടെ സംഘം തോൽവി അറിഞ്ഞിട്ടില്ല. മാന്‍സിക്ക് കീഴില്‍ ടീം 70 ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ വെറും നാലെണ്ണം മാത്രമാണ് വഴങ്ങിയത്. അതേസമയം ഇത്തവണ ഗോള്‍വലയ്ക്ക് കീഴില്‍ ജിയാൻലൂജി ബഫൺ എന്ന ഇതിഹാസത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്.
ജിയോർജിയോ ചെല്ലിനി, ലിയനാർഡോ ബൊനൂച്ചി, ജിയോവാനി ലോറെൻസോ, അലെസാൻഡ്രോ ഫ്ലോറെസി, എമേഴ്‌സൺ, അകെർബി തുടങ്ങിയ താരങ്ങളടങ്ങിയ പ്രതിരോധ നിര ടീമിന് ആശ്വാസമാണ്. മധ്യനിരയില്‍ മാർകോ വെറാറ്റി, ജോർജിന്യോ, ലോറെൻസോ പെല്ലഗ്രിനി, ബ്രയാൻ ക്രിസ്റ്റ്യന്‍റെ എന്നിവർ കരുത്താവും. ആൻഡ്രിയ ബലോട്ടെല്ലി, ലോറെൻസോ ഇൻഗ്‌നെ, സിറോ ഇമ്മൊബിലെ, ആൻഡ്രിയ ബെലോട്ടി, സ്റ്റീഫൻ എല്‍ഷാരെ എന്നിവർ മുന്നേറ്റത്തില്‍ ഒന്നിക്കുമ്പോൾ ആരെയും തോല്‍പ്പിക്കാനുള്ള കരുക്ക് അസൂറിപ്പടയ്ക്കുണ്ട്.