ലണ്ടന്‍: ആഴ്‌സണലിനെ സമനിലയില്‍ തളച്ച് ലീഡ്സ് യുണൈറ്റഡ്. 51ാം മിനിട്ടില്‍ വിങ്ങര്‍ നിക്കോളാസ് പെപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ആഴ്‌സണല്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഹോം ഗ്രൗണ്ട് മത്സരത്തിന്‍റെ ആനുകൂല്യം ലീഡ്സ് യുണൈറ്റഡിന് ലഭിച്ചു. പ്രതിരോധ താരം അലിയോസ്‌കിയെ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്.
ഇപിഎല്‍: ഗണ്ണേഴ്‌സിനെ സമനിലയില്‍ തളച്ച് ലീഡ്സ് യുണൈറ്റഡ്
മത്സരത്തിന്‍റെ 51ാം മിനിട്ടില്‍ വിങ്ങര്‍ നിക്കോളാസ് പെപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആഴ്‌സണലിന് തിരിച്ചടിയായി
മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ നടത്തിയ ഗോളടിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ലീഡ്സിന്‍റെ ഗോളി ഇലാന്‍ മലിയെ തടഞ്ഞിടുകയായിരുന്നു. ബുകായോ സാകയും ഒബുമയാങ്ങും ചേര്‍ന്നാണ് രണ്ടാം പകുതിയില്‍ ആഴ്‌സണലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത്. മറുവശത്ത് ലീഡ്‌സിന്‍റെ ഗോളടിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നിര്‍ഭാഗ്യം കൊണ്ട് മാത്രം പാഴായി പോവുകയായിരുന്നു. പ്രതിരോധ താരം അലോസ്‌കിയും മുന്നേറ്റ താരം ബാംഫോര്‍ഡും ഗണ്ണേഴ്‌സിന്‍റെ ബോക്‌സിലേക്ക് ഉതിര്‍ത്ത ഷോട്ടുകള്‍ പലപ്പോഴും ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
പ്രീമിയര്‍ ലീഗിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമുള്ള ആഴ്‌സണല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ 11ാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും മൂന്ന് ജയങ്ങളുള്ള ലീഡ്‌സ് യുണൈറ്റഡ് 14ാം സ്ഥാനത്തും. വോള്‍വ്‌സിന് എതിരെയാണ് ആഴ്‌സണലിന്‍റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടില്‍ ഈ മാസം അവസാനം പുലര്‍ച്ചെ 12.45നാണ് പോരാട്ടം.