ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണ്‍ എട്ട് മുതല്‍ പുനരാരംഭിക്കാന്‍ നീക്കം. 400 പേരെ മാത്രം ഉൾപ്പെടുത്തി അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം സംഘടിപ്പിക്കുകയെന്നാണ് സൂചന.
ഇപിഎല്‍ ജൂണ്‍ എട്ട് മുതല്‍ ആരംഭിക്കാന്‍ നീക്കം - പ്രീമിയർ ലീഗ് വാർത്ത
കൊവിഡ് 19നെ തുടർന്ന് മാർച്ച് 13ന് ശേഷം നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ജൂണ്‍ എട്ട് മുതല്‍ ജൂലൈ 27 വരെ നടത്താനാണ് നീക്കം നടക്കുന്നത്
നേരത്തെ കൊവിഡ് 19 ഭീഷണിയെ തുടർന്ന് മാർച്ച് 13ന് ശേഷം ലീഗിലെ മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മത്സരം പുനരാരംഭിക്കാന്‍ അധികൃതർ നീക്കം നടത്തുന്നത്. ജൂലൈ 27ന് അവസാനിക്കുന്ന രീതിയിലായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുക. ലോകത്തെ അതിസമ്പന്നമായ ഫുട്‌ബോൾ ലീഗുകളില്‍ ഒന്നായ ഇപിഎല്ലില്‍ ഈ സീസണില്‍ 92 മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടത്തിന് തൊട്ടരികിലാണ് ലിവർപൂൾ. ലീഗില്‍ 82 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ചെമ്പട. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 25 പോയിന്‍റന്‍റെ മുന്‍തൂക്കമാണ് ലിവർപൂളിനുള്ളത്. സിറ്റിക്ക് 57 പോയിന്‍റുകളാണ് ഉള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് ജയങ്ങൾ കൂടി സ്വന്തമാക്കിയാല്‍ ലിവർപൂളിന് കിരീടം സ്വന്തമാക്കാം. കളിക്കാരെ ഉൾപ്പെടെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയ ശേഷമാകും മത്സരം പുനരാരംഭിക്കുക. ഡ്രസിങ് റൂമില്‍ ഉൾപ്പെടെ വേണ്ട സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും.