ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിക്കെതിരായ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയവുമായി ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നീലപ്പടയുടെ ജയം. കയ്യാങ്കളിയോളമെത്തിയ ആവേശ പോരാട്ടത്തില്‍ അന്‍റോണിയോ റോഡ്രിഗറും ജോര്‍ജിന്യോയും ചെല്‍സിക്കായി വല കുലുക്കി. മുന്നേറ്റ താരം ടിമോ വെര്‍ണറുടെ രണ്ടും ബെന്‍ ചില്‍വെല്ലിന്‍റെ ഒരു ഗോളും റഫറി നിഷേധിച്ച ശേഷമാണ് ചെല്‍സി വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. ലെസ്റ്ററിനായി ഇഹിനാച്ചോ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടം ഉറപ്പിച്ചു. 8,000ത്തോളം ആരാധകരെ സാക്ഷിയാക്കിയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ചെല്‍സിയുടെ ജയം.