ലണ്ടൻ: ഫുട്ബോൾ ലോകത്തിന് ആവേശമുണർത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ശനിയാഴ്‌ച കിക്കോഫ്. ഫുട്ബോൾ ലോകത്തെ വമ്പൻമാരായ 20 ടീമുകൾ മാറ്റുരക്കുന്ന പ്രീമിയർ ലീഗിൽ ഇത്തവണ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
നിലവിലെ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണെെറ്റഡ്, ചെൽസി, ടോട്ടനം, അഴ്‌സണല്‍, ലെസ്റ്റർ സിറ്റി എന്നീ ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. ജേഡന്‍ സാഞ്ചോ, റാഫേല്‍ വരാനേ തുടങ്ങിയ താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ പന്തുതട്ടാൻ ഇറങ്ങുന്നത്.
യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റൊമേലു ലുക്കാക്കുവിനെ റെക്കോഡ് തുകക്ക് തിരികെയെത്തിച്ച് ചെല്‍സി ഇത്തവണ കപ്പ് തിരിച്ചുപിടിക്കാൻ കഴിയും എന്ന ഉറച്ച വിശ്വസത്തിലാണ് കളിക്കാനിറങ്ങുന്നത്. ലുക്കാക്കുവിന്‍റെ വരവോടെ ചെൽസിയുടെ ആക്രമണ നിര കൂടുതൽ ശക്‌തി പ്രാപിക്കും.
ആസ്റ്റണ്‍ വില്ലയിൽ നിന്ന് 100 മില്യണ്‍ യൂറോക്ക് മിഡ്‌ഫീൽഡറായ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയും ഇത്തവണ കപ്പ് നിലനിർത്താനായി ഇറങ്ങുന്നുണ്ട്. ടോട്ടനം നായകന്‍ ഹാരി കെയ്‌നെ റെക്കോഡ് തുകയ്ക്ക് സിറ്റി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാൽ തന്നെ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മിലുള്ള സൂപ്പര്‍ പോരാട്ടമാണ് ഈ ആഴ്‌ചത്തെ ശ്രദ്ധാകേന്ദ്രം.