മാഞ്ചസ്റ്റർ : ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന ഫുട്ബോൾ താരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. സൂപ്പർ താരം ലയണൽ മെസിയെ പിൻതള്ളിയാണ് താരം പണക്കിലുക്കത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.
2021-22 സീസണിൽ 125 ദശലക്ഷം ഡോളറാണ് ( ഏകദേശം 1083 കോടി രൂപ) റൊണാൾഡോയുടെ വരുമാനം. പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മാറ്റത്തിലൂടെയാണ് റൊണാൾഡോയുടെ വാർഷിക വരുമാനത്തിൽ വർധനവുണ്ടായത്. ഇതിൽ 72 ദശലക്ഷം യുണൈറ്റഡിലെ പ്രതിഫലവും ബോണസുമാണ്. ബാക്കി തുക പരസ്യ വരുമാനമാണ്.
ലയണൽ മെസിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 110 മില്യൻ ഡോളറാണ് ( ഏകദേശം 952 കോടി രൂപ)യാണ് മെസിയുടെ സമ്പാദ്യം. ഇതിൽ 75 മില്യണ്‍ പി.എസ്.ജിയിലെ പ്രതിഫലവും ബാക്കി തുക പരസ്യ വരുമാനവുമാണ്.
95 ദശലക്ഷം വരുമാനമുള്ള പിഎസ്‌ജിയുടെ ബ്രസീലിയൻ താരം നെയ്‌മർ മൂന്നാമതും 43 ദശലക്ഷം ഡോളർ വരുമാനമുള്ള കിലിയൻ എംബാപ്പെ പട്ടികയിൽ നാലാം സ്ഥാനത്തുമാണ്. 41 ദശലക്ഷം ഡോളർ വരുമാനമുള്ള ലിവർപൂൾ താരം മുഹമ്മദ് സലയാണ് പട്ടികയിൽ അഞ്ചാമത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ആന്ദ്രേ ഇനിയെസ്റ്റ, പോള്‍ പോഗ്‌ബ, ഗാരെത് ബെയ്ൽ, ഏഡന്‍ ഹസാര്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ALSO READ :മെസിക്ക് കാൽമുട്ടിന് പരിക്ക് ; സിറ്റിക്കെതിരായ മത്സരം നഷ്‌ടമായേക്കും