ലണ്ടന്‍: ഇപിഎല്‍ മത്സരങ്ങൾ പുനരാരംഭിക്കുകയാണെങ്കില്‍ ടീമിനോടൊപ്പം ചേരുമെന്ന് ക്രിസ്റ്റല്‍ പാലസിന്‍റെ 72 വയസുള്ള പരിശീലകന്‍ റോയ് ഹോഡ്‌സണ്‍. കൊവിഡ് 19-നെ തുടർന്ന് മാറ്റിവെച്ച പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കാന്‍ അണിയറയില്‍ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോഡ്‌സണ്‍ ലീഗിന്‍റെ ഭാഗമാകാന്‍ മടിയില്ലെന്ന് വ്യക്തമാക്കിയത്. പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ പ്രായം കൂടിയ പരിശീലകനാണ് ഹോഡ്‌സണ്‍. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് 19 ബാധിച്ചാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരുങ്ങലിലാകും. യൂറോപ്പില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരില്‍ ഏറെയും വയോധികരാണ്.
കൊവിഡ് പ്രശ്‌നമല്ല; ഇപിഎല്ലിന്‍റെ ഭാഗമാകുമെന്ന് റോയ് ഹോഡ്‌സണ്‍ - covid 19 news
72 വയസുള്ള റോയ് ഹോഡ്‌സണ്‍ പ്രീമിയർ ലീഗ് ചരിത്രത്തിലെ പ്രായം കൂടിയ പരിശീലകന്‍ കൂടിയാണ്
അതേസമയം അടുത്തയാഴ്ച ക്ലബ്ബുകൾ പരിശീലനം ആരംഭിക്കാനുള്ള തീരുമാനത്തില്‍ പ്രീമിയർ ലീഗ് അധികൃതർ ഉറച്ചുനിന്നാൽ ജോലിയിൽ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചില്‍ ലീഗ് മത്സരങ്ങൾ അനിശ്ചിതമായി മാറ്റിവെച്ച ശേഷം താന്‍ ശാരീരിക ക്ഷമത നിലനിർത്തുകയായിരുന്നുവെന്ന് ഹോഡ്‌സണ്‍ കൂട്ടിച്ചേർത്തു.
നേരത്തെ നിരവധി പ്രീമിയർ ലീഗ് താരങ്ങൾ കൊവിഡ് 19 പശ്ചാത്തലത്തില്‍ മത്സരം പുനരാരംഭിക്കുന്നതിലെ ആശങ്ക വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. തങ്ങളുടെയും കുടുംബത്തിന്‍റെയും സുരക്ഷയാണ് അവരെ അലട്ടിയത്. ന്യൂകാസല്‍ പ്രതിരോധ താരം ഡാനി റോസ്, മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, റഹീം സ്റ്റെർലിങ് തുടങ്ങിയവരാണ് ആശങ്ക അറിയിച്ചത്.