ബ്രസീൽ : കോപ്പ അമേരിക്കയിൽ ബൊളീവിയയ്‌ക്കെതിരെ പരാഗ്വേയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞാണ് വിജയം.
പത്താം മിനിട്ടില്‍ നിറയൊഴിച്ച് ബൊളീവിയ
അൻഹൽ റൊമേറോയുടെ ഇരട്ട ഗോളുകളും അലഹാൻഡ്രോ ഗമാറയുടെ ഗോളുമാണ് പരാഗ്വേയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റമായിരുന്നു ബൊളീവിയയുടേത്. പത്താം മിനിട്ടില്‍ എർവിൻ സാവേന്ദ്രയുടെ ഗോളിലുടെ ടീം ലീഡെടുത്തു.
പരാഗ്വേയുടെ സാന്‍റീയാഗോ അർസമെൻഡിയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് കിട്ടിയ പെനാല്‍ട്ടി കിക്കായിരുന്നു സാവേന്ദ്ര ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ പരാഗ്വേ സമനില പിടിക്കാനുളള ശ്രമത്തിലായി.
പോരാട്ടം കടുപ്പിച്ചതോടെ ഷോട്ടുകളും ബോൾ പൊസിഷനും പരാഗ്വേയുടെ വരുതിയിലായി. 32-ാം മിനിട്ടിലും 43-ാം മിനിട്ടിലും പരാഗ്വേയ്ക്ക് ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടും മുതലാക്കാനായില്ല. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ബൊളീവിയയുടെ ജോം ക്യല്ലർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ടീം പത്തുപേരായി.
പരാഗ്വേയുടെ തിരിച്ചുവരവ്
ക്യല്ലറിന്‍റെ പുറത്താകൽ ബൊളീവിയയെ കുഴപ്പിച്ചുകൊണ്ടിരുന്നെങ്കിലും അവസരങ്ങൾ ഗോളാക്കുന്നതിലെ പരാഗ്വേ താരങ്ങളുടെ പോരായ്മ ആദ്യ ഘട്ടത്തില്‍ അവര്‍ക്ക് ആശ്വാസമായി. എന്നാല്‍ 62-ാം മിനിട്ടില്‍ അലഹാൻഡ്രോ ഗമാറയുടെ ലോങ് റേയ്ഞ്ചർ ഗോളായി മാറിയതോടെ കളി 1-1 എന്ന നിലയിലായി.
65-ാം മിനിട്ടില്‍ അൻഹൽ റൊമേറോ ബൊളീവിയയെ ഞെട്ടിച്ചുകൊണ്ട് പരാഗ്വേയ്ക്ക് ലീഡ് നൽകി. ബോക്സിന്‍റെയുള്ളിൽ ഗോൾ നേടാനുള്ള ശ്രമത്തെ ചെറുക്കാൻ ബൊളീവിയയുടെ ശ്രമങ്ങള്‍ വിഫലമായി. 80-ാം മിനിട്ടില്‍ മൂന്നാം ഗോളും പിറന്നു. റൊമേറോ രണ്ടാമതും ലക്ഷ്യം കണ്ടതോടെ പരാഗ്വേ വിജയമുറപ്പിച്ചു.