മാറക്കാന: കോപ്പ അമേരിക്കയുടെ സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. എതിരില്ലാത്ത ഒരു ഗോളിനാണ് മെസിപ്പട ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ കിരീടം ചൂടിയത്. 21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്.
മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും റോഡ്രിഡോ ഡി പോള്‍ നല്‍കിയ ലോങ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ താരം റെനന്‍ ലോഡി വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച് മുന്നേറിയ ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് കീപ്പര്‍ എഡേഴ്‌സണെ അനായാസം കീഴടക്കുകയായിരുന്നു.
അതേസമയം ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 33-ാം മിനിട്ടില്‍ നെയ്‌മറെ ഫൗള്‍ ചെയ്തതിന് പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ നെയ്‌മര്‍ക്കായില്ല.
43-ാം മിനിട്ടില്‍ അര്‍ജന്‍റീനന്‍ ഗോള്‍ മുഖത്തേക്ക് എവര്‍ട്ടന്‍ തൊടുത്ത ഷോട്ട് മാര്‍ട്ടിനസ് അനായാസം കീഴടക്കുകയും ചെയ്തു. ഗോള്‍ വഴങ്ങിയ ആദ്യ പകുതിക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാന്‍ ബ്രസീല്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ് ടിറ്റെ രണ്ടാം പകുതിയില്‍ ടീമിനെ കളത്തിലിറക്കിയത്. എന്നാല്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞായിരുന്നു അര്‍ജന്‍റീന കളത്തിലിറങ്ങിയത്. 53ാം മിനുട്ടില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. തൊട്ടുപിന്നാലെ റിച്ചാര്‍ലിസണ് തന്നെ മറ്റൊരു അവസരം ലഭിച്ചുവെങ്കിലും മാര്‍ട്ടിനസിനെ കീഴടക്കാനായില്ല.
62ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ മെസിക്ക് കഴിഞ്ഞില്ല. 83ാം മിനുറ്റില്‍ ബ്രസീല്‍ ബാര്‍ബോസയുടെ തകര്‍പ്പന്‍ മുന്നേറ്റം കോര്‍ണറില്‍ അവസാനിച്ചു. 87ാം മിനുട്ടിലെ ബാര്‍ബോസയുടെ ഗോളെന്നുറപ്പിച്ച വോളിയും മാര്‍ട്ടിനസ് കീഴടക്കി. അതേസമയം 89-ാം മിനുട്ടില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുകയും ചെയ്തു. സമനിലയ്ക്കായി ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും മാറക്കാനയില്‍ ഗോള്‍ പിറന്നില്ല. പക്ഷെ ചരിത്രം പിറന്നു.
1993ന് ശേഷമുള്ള അര്‍ജന്‍റീനയുടെ കിരീട നേട്ടവും കോപ്പയില്‍ ടീമിന്‍റെ 15-ാം കിരീടവും കൂടിയാണിത്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്‍റീനയ്ക്കായി.