സാവോ പോളോ: കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി കൊളംബിയയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ചിലിയുടെ ജയം.
കൊളംബിയയെ പെനാല്‍റ്റിയില്‍ വീഴ്ത്തി; ചിലി സെമിയില്‍ - സെമി
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ചിലിയുടെ ജയം. ഉറുഗ്വേ - പെറു മത്സരത്തിലെ വിജയിയെ ആണ് ചിലി സെമി ഫൈനലില്‍ നേരിടുക
നിശ്ചിതസമയം കഴിഞ്ഞിട്ടും ഗോൾരഹിത സമനിലയില്‍ തുടർന്നതിനാലാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. കളിയുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. നിരവധി ഗോളവസരങ്ങൾ ഇരുടീമുകളും സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളിലേക്ക് എത്തിയില്ല. പന്ത് വലയില്‍ കയറ്റാൻ ചിലിക്ക് കഴിഞ്ഞെങ്കിലും വാറിലൂടെ ഗോളുകൾ നിഷേധിച്ചു. പെനാല്‍റ്റിയില്‍ ആദ്യ നാല് ഗോളുകൾ ഇരുടീമുകളും നേടി. എന്നാല്‍ അഞ്ചാം ഗോളെടുത്ത കൊളംബിയൻ താരം ടെസില്ലോയ്ക്ക് പിഴച്ചു. ഇതോടെ ചില്ലിയുടെ അവസാന കിക്ക് നിർണായകമായി. കിക്കെടുക്കാൻ വന്ന സൂപ്പർ താരം അലക്സി സാഞ്ചസ് ആ അവസരം പാഴാക്കിയില്ല.
കൊളംബിയക്ക് വേണ്ടി റോഡ്രീഗസ്, കരഡോണ, കുവാഡ്രഡോ, മിന എന്നിവർ ഗോൾ നേടി. സാഞ്ചസിന് പുറമെ വിഡാല്‍, വർഗാസ്, പുല്‍ഗർ, അരാംഗ്വിസ് എന്നിവരാണ് ചിലിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം തവണ ചില കോപ്പ അമേരിക്കയുടെ സെമിയില്‍ കടന്നു. ഇന്ന് നടക്കുന്ന ഉറുഗ്വേ - പെറു മത്സരത്തിലെ വിജയിയെ ആണ് ചിലി സെമി ഫൈനലില്‍ നേരിടുക.