ഹൈദരാബാദ്:കൊല്‍ക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30-ന് പന്തുരുളുമ്പോൾ ഐഎസ്‌എല്ലിലെ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയുടെ വിധി നിർണയിക്കപ്പെടും. ലീഗിലെ മറ്റൊരു കിരീട ജേതാവായ എടികെയാണ് എതിരാളികൾ. ഇതിനകം ലീഗില്‍ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയ എടികെ ചെന്നൈയിന് എതിരെ ജയിച്ച് രണ്ടാം സ്ഥാനം നിലനിർത്താനാകും ഇന്നിറങ്ങുക.
പുതിയ പരിശീലകന്‍ ഓവന്‍ കോയലിന് കീഴില്‍ ഇതിനകം ചെന്നൈയിന്‍ ഏറെ മുന്നേറി കഴിഞ്ഞു. ആക്രമണ ഫുട്ബോളാണ് ടീം പുറത്തെടുക്കുന്നത്. ലീഗില്‍ ഇനി ചെന്നൈയിന് മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാലെ ചെന്നൈയിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയോട് ഗോൾ രഹിത സമനില വഴങ്ങിയത് ചെന്നൈയിന്‍റെ മുന്നേറ്റത്തിന് തടസമായിരുന്നു.
അതേസമയം ലീഗില്‍ തുടർച്ചയായി നാല് ജയങ്ങൾ സ്വന്തമാക്കിയ ശേഷമാണ് എടികെ ചെന്നൈയിനെ നേരിടാന്‍ എത്തുന്നത്. 16 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അന്‍റോണിയോ ലോപസ് ഹബാസിന്‍റെ കീഴിലുള്ള കൊല്‍ക്കത്ത. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നായി 13 ഗോൾ നേടുകയും അഞ്ച് ഗോൾ നേടാന്‍ സഹായിക്കുകയും ചെയ്‌ത മുന്നേറ്റ താരം റോയ് കൃഷ്‌ണയാണ് എടികെയുടെ കുന്തമുന. പ്രിബിർ ദാസിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധവും ശക്തമായ നിലയിലാണ്.