കാരബാവോ കപ്പില്‍ ചെല്‍സിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും മത്സരം ഗോൾരഹിത സമനില ആയതോടെ പെനാല്‍റ്റിയിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്.
ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മറികടന്നാണ് സിറ്റി കിരീടം നിലനിർത്തിയത്. ചെല്‍സിയുടെ ജോര്‍ജിഞ്ഞോ, ഡേവിഡ് ലൂയിസ് എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. സിറ്റി താരം സാനെയുടെ ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ തടുത്തെങ്കിലും വിജയം സ്വന്തമായില്ല. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച പ്രതിരോധമാണ് ചെല്‍സി ഒരുക്കിയത്. രണ്ടാം പകുതിയില്‍ നീലപ്പട കൂടുതല്‍ ആക്രമണത്തിന് മുതിർന്നതോടെ മത്സരം ആവേശകരമായി.
ദിവസങ്ങൾക്ക് മുമ്പ് പ്രീമിയര്‍ ലീഗില്‍ ആറ് ഗോളുകള്‍ക്ക് തോറ്റതിനാല്‍ സിറ്റിക്കെതിരെ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് സാറി ചെല്‍സിയെ ഇറക്കിയത്. അലോൻസോക്ക് പകരം എമേഴ്സൻ ഇറങ്ങിയപ്പോൾ പെഡ്രോ, വില്ലിയൻ എന്നിവർക്കൊപ്പം ഹസാർഡാണ് ഫാൾസ് നയൻ റോളില്‍ കളിച്ചത്. മത്സരം ഗോൾരഹിതമായതോടെ വിജയിയെ കണ്ടെത്താൻ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരിന്നു.
അതിനിടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളിയെ മാറ്റാനുള്ള ചെല്‍സി പരിശീലകന്‍ സാറിയുടെ ശ്രമം വിവാദത്തിനിടയാക്കി. വില്ലി കാബല്ലെറോയെ പകരക്കാരനാക്കാനായിരുന്നു പരിശീലകന്‍റെ നിര്‍ദ്ദേശം. എന്നാല്‍ കെപ്പ അരിസബലാഗ മാറാന്‍ തയ്യാറായില്ല. പരിശീലകന്‍റെ നിര്‍ദ്ദേശം അവഗണിച്ച കെപ്പയ്‌ക്കെതിരെ നടപടിയുണ്ടായേക്കും.
പ്രീമിയർ ലീഗില്‍ ജയത്തിനായി കഷ്ടപ്പെടുന്ന ചെല്‍സി എഫ്.എ കപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ് പുറത്തായിരുന്നു. കാരബാവോ കപ്പിലെ തോല്‍വി ചെല്‍സിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.