ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണയ്‌ക്കും തോല്‍വിയോടെ തുടക്കം. സ്വിസ് ക്ലബ്ബ് യങ് ബോയ്‌സിനോടാണ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. എന്നാല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് മുന്നിലാണ് ബാഴ്‌സ തകര്‍ന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റ് vs ക്ലബ്ബ് യങ് ബോയ്‌സ്
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ ഗോളിലൂടെ മത്സരത്തിന്‍റെ 13ാം മിനുട്ടില്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 35ാം മിനിട്ടില്‍ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.
മുന്നേറ്റ താരങ്ങളെ പിന്‍വലിച്ച് പ്രതിരോധം ശക്തിപ്പെടുത്താനുള്ള പരിശീലകന്‍ സോള്‍ഷ്യറിന്‍റെ തന്ത്രം തകര്‍ത്ത് 66ാം മിനിട്ടില്‍ യങ് ബോയ്‌സ് ഒപ്പമെത്തി. നൗമി ഗമേലുവാണ് സ്വിസ് ക്ലബിനായി ലക്ഷ്യം കണ്ടത്. തുടര്‍ന്ന് മത്സരത്തിന്‍റെ അധിക സമയം അവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കി നില്‍ക്കെ തിയോസണ്‍ സീബാഷു (95ാം മിനുട്ട്) ആണ് യങ് ബോയ്‌സിന് വിജയം സമ്മാനിച്ചത്.
ബാഴ്‌സലോണ vs ബയേണ്‍ മ്യൂണിക്ക്
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മികവിലാണ് ബയേണ്‍ ബാഴ്‌സയെ തകര്‍ത്തെറിഞ്ഞത്. തോമസ് മുള്ളറാണ് ബയേണിന്‍റെ പട്ടികയിലെ മറ്റൊരു ഗോളിന്‍റെ ഉടമ. 34ാം മിനിട്ടില്‍ മുള്ളറിലൂടെയാണ് ജര്‍മന്‍ കരുത്തന്മാര്‍ മുന്നിലെത്തിയത്. തുടര്‍ന്ന് 56ാം മിനിട്ടിലും 85ാം മിനുട്ടിലും ലെവന്‍ഡോസ്‌കി ലക്ഷ്യം കണ്ടു.