ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ നിന്ന് ലിവര്‍പൂളും ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടും പുറത്ത്. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടാണ് ഡോര്‍ട്ട്മുണ്ട് പുറത്തായത്. ആന്‍ഫീല്‍ഡില്‍ നടന്ന വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ലിവര്‍പൂളിനും പുറത്തേക്കുള്ള വാതില്‍ തുറന്നു.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ആദ്യപകുതിയില്‍ ജൂഡെ ബെല്ലിങ്ഗാമിലൂടെ ലീഡ് സ്വന്തമാക്കി സിറ്റിയെ ഞെട്ടിച്ച ശേഷമാണ് ഡോര്‍ട്ട്‌മുണ്ട് മുട്ടുമടക്കിയത്. കിക്കോഫ് കഴിഞ്ഞ് പതിനഞ്ചാം മിനിട്ടിലായിരുന്നു ജൂഡെ വല കുലുക്കിയത്. പിന്നാലെ ആദ്യപകുതിയില്‍ ഗോള്‍ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം ഡോര്‍ട്ട്‌മുണ്ടിന്‍റെ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതി പക്ഷേ സിറ്റിക്കൊപ്പമായിരുന്നു. 55-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ അള്‍ജീരിയന്‍ ഫോര്‍വേഡ് റിയാദ് മെഹ്‌റസ് പന്ത് വലയിലെത്തിച്ചു. ബോക്‌സിനുള്ളില്‍ നിന്നും എംറെ കാന്‍ ഹാന്‍ഡ് ബോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് വാറിലൂടെയാണ് പെനാല്‍ട്ടി വിധിച്ചത്. പത്ത് മിനിട്ടിന് ശേഷം ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡനിലൂടെ സിറ്റി വീണ്ടും വല കുലുക്കി.