കേരളം

kerala

ETV Bharat / sports

മെഹ്‌റസിന്‍റെ ഗോളില്‍ സിറ്റിക്ക് ജയം; ഹോം ഗ്രൗണ്ടില്‍ പിഎസ്‌ജിക്ക് തോല്‍വി

പിഎസ്‌ജിയുടെ മുന്നേറ്റ താരങ്ങളായ കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ എന്നിവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചതിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനായാസ ജയം സ്വന്തമാക്കാനായി

city win news psg lose news champions league update സിറ്റിക്ക് ജയം വാര്‍ത്ത പിഎസ്‌ജിക്ക് ജയം വാര്‍ത്ത ചാമ്പ്യന്‍സ് ലീഗ് അപ്പ്‌ഡേറ്റ്
സിറ്റിക്ക് ജയം

By

Published : Apr 29, 2021, 11:03 AM IST

പാരീസ്: പിഎസ്‌ജിയുടെ പ്രതിരോധക്കോട്ട തകര്‍ത്ത റിയാദ് മെഹ്‌റസിന്‍റെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം. ചാമ്പ്യന്‍സ് ലീഗിന്‍റെ ആദ്യ പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫ്രഞ്ച് കരുത്തരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മാര്‍ക്വിന്യോയുടെ ഹെഡറിലൂടെ പിഎസ്‌ജി ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാരുടെ മുന്നേറ്റം. രണ്ടാം പകുതിയിലാണ് സിറ്റിയുടെ ഇരു ഗോളുകളും പിറന്നത്.

കെവിന്‍ ഡിബ്രുയിനിലൂടെ സമനിലപിടിച്ച സിറ്റി റിയാദ് മെഹ്‌റസിലൂടെ ജയം സ്വന്തമാക്കി. ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോകുമെന്ന് തോന്നിച്ച ഡിബ്രുയിന്‍റെ ക്രോസ് ഗോള്‍വരക്ക് മുമ്പില്‍ പതിച്ച് കുത്തിത്തിരിഞ്ഞ് വലയുടെ വലത് മൂലയില്‍ പതിച്ചു. ഡിബ്രുയിന്‍റെ അപ്രതീക്ഷിത നീക്കത്തിന് മുന്നില്‍ പിഎസ്‌ജിയുടെ ഗോള്‍വല കാത്ത കെയ്‌ലര്‍ നവാസ് നിസഹായനായി.

ഫ്രീ കിക്കിലൂടെയായിരുന്നു മെഹ്‌റസിന്‍റെ ഗോള്‍. പിഎസ്‌ജിയുടെ പ്രതിരോധകോട്ടയിലെ വിള്ളല്‍ മുതലെടുത്താണ് മെഹ്‌റസ് പന്ത് വലയിലെത്തിച്ചത്. സിറ്റിയുടെ ഇംഗ്ലീഷ് മുന്നേറ്റതാരം ഫില്‍ ഫോഡനെ വീഴ്‌ത്തിയതിനാണ് റഫറി ഫ്രീ കിക്ക് അനുവദിച്ചത്. സംഭവത്തില്‍ ലിയനാര്‍ഡോ പാലെഡെസിന് യെല്ലോ കാര്‍ഡും ലഭിച്ചു.

പിന്നാലെ സമനില പിടിക്കാന്‍ പിഎസ്‌ജി നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ ഇദ്രിസ് ഗുയെക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് തിരിച്ചടിയായി. 77-ാം മിനിട്ടില്‍ ഇദ്രിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരുമായാണ് പിഎസ്‌ജി മത്സരം പൂര്‍ത്തിയാക്കിയത്. ഗുണ്ടുവനെ വീഴ്‌ത്തിയതിനാണ് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്.

ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടം മെയ്‌ അഞ്ചിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കും. ഇരു പാദങ്ങളിലുമായി ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ ഫൈനല്‍ യോഗ്യത നേടും.

ABOUT THE AUTHOR

...view details