മാഞ്ചസ്റ്റര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കപ്പടിക്കാന്‍ ലഭിച്ച അവസരം പാതി വഴിയില്‍ കളഞ്ഞ് കുളിച്ചതിന്‍റെ ക്ഷീണത്തിലാണ് ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാര്‍. കറബാവോ കപ്പിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ക്ക് ലക്ഷ്യബോധമില്ലെന്ന പരാതിക്ക് പരിഹാരം കാണാനുള്ള അവസരം കൂടിയാണ് അവര്‍ ഇല്ലാതാക്കിയത്.
കറബാവോ കപ്പിന്‍റെ സെമി പോരാട്ടത്തില്‍ കളി മറന്ന യുണൈറ്റഡിനെയാണ് കാണാന്‍ സാധിച്ചത്. ഓള്‍ഡ്ട്രാഫോഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സും മധ്യനിര താരം ഫെര്‍ണാണ്ടിന്യോയും സിറ്റിക്കായി വല കുലുക്കി. പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും സിറ്റിയാണ് മുന്നില്‍ നിന്നത്. ഫിലിപ്പ് ഫോഡന്‍റെ ഫ്രീ കിക്ക് മുതലാക്കിയാണ് സ്റ്റോണ്‍സ് രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിട്ടിന് ശേഷം പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിന്‍റെ ഗോളി ഡീന്‍ ഹെന്‍ഡേഴ്‌സണെ കാഴ്‌ചക്കാരനാക്കിയാണ് മധ്യനിര താരം ഫെര്‍ണാണ്ടിന്യോ പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിന്‍റെ പ്രതിരോധ താരം ആരോണ്‍ ബിസാക്ക ഹെഡറിലൂടെ തട്ടിയകറ്റിയ പന്ത് കാല്‍ചുവട്ടില്‍ ലഭിച്ച ഫെര്‍ണാണ്ടിന്യോ അര്‍ദ്ധനിമിഷത്തില്‍ പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു.
ആദ്യപകുതിയില്‍ യുണൈറ്റഡിന് വേണ്ടി ആന്‍റണി മാര്‍ഷ്യല്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ബോക്‌സിന് പുറത്ത് നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ തകര്‍പ്പന്‍ ഷോട്ട് സിറ്റിയുടെ ഗോളി സാക്ക് സ്റ്റെഫെന്‍ തടുത്തിട്ടു. ആദ്യ പകുതിയില്‍ സിറ്റിയുടെ ഗോള്‍ അവസരങ്ങളും പാഴായി. കെവിന്‍ ഡി ബ്രൂണി ഉതിര്‍ത്ത ഷോട്ട് ഗോള്‍ ബാറില്‍ തട്ടി തെറിച്ച് പാഴാകുന്നതിനും ഫോഡന്‍റെയും ഗുണ്ടോയുടെയും ഗോളുകള്‍ റഫറി ഓഫ് സൈഡ് വിളിക്കുന്നതും ആദ്യ പകുതിയില്‍ കണ്ടു. യുണൈറ്റഡിന്‍റെ നായകന്‍ ഹാരി മഗ്വയറിന് ഹെഡറിലൂടെ ഗോള്‍ നേടാന്‍ ലഭിച്ച അവസരം പാഴാക്കുന്നതിന് രണ്ടാം പകുതിയും സാക്ഷിയായി.