റിയോ ഡി ജനൈറോ: ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ മറികടന്ന് ബ്രസീല്‍ കോപ്പ അമേരിക്കയുടെ സെമിയില്‍ പ്രവേശിച്ചു. ലുകാസ് പക്വേറ്റയാണ് കാനറികള്‍ക്കായി ഒളിമ്പിക് സ്റ്റേഡിയത്തിലെ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും ചിലിയന്‍ ഭീഷണി മറികടക്കാന്‍ മഞ്ഞക്കുപ്പായക്കാര്‍ക്കായി.
ലുകാസ് പക്വേറ്റ വിധി നിര്‍ണയിച്ചു
ഗോള്‍ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം 46-ാം മിനുട്ടില്‍ ലൂക്കാസ് പക്വേറ്റയിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പകരക്കാരനായെത്തിയ താരം നെയ്മർക്കൊപ്പം ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ലക്ഷ്യത്തിലെത്തിയത്.
തൊട്ടുപിന്നാലെ 48ാം മിനുട്ടിലാണ് മത്സരത്തിലെ ഏക ചുവപ്പ് കാര്‍ഡ് റഫറി പുറത്തെടുത്തത്. ചിലിയന്‍ പ്രതിരോധ താരം ജീൻ മെനെസെസിനെ അപകടകരമായി ഫൗള്‍ ചെയ്തതിനാണ് ഗബ്രിയേല്‍ ജെസ്യൂസിനെതിരെ റഫറി ചുവപ്പ് കാർഡ് നീട്ടിയത്.