സാവോ പോളോ: ലൈംഗികാരോപണത്തില്‍ ബ്രസീല്‍ ഫുട്ബോൾ താരം നെയ്മറിന് പിന്തുണയുമായി സഹതാരങ്ങൾ. ആരോപണങ്ങൾ നേരിടുന്ന താരത്തിന് ടീമംഗങ്ങളുടെയും സ്റ്റാഫിന്‍റെയും പിന്തുണയുണ്ടെന്ന് ബ്രസീല്‍ മിഡ്ഫീല്‍ഡറായ ഫെർണാന്‍റീന്യോ പറഞ്ഞു. പരിശീലനത്തിനിടെ ഇത്തരം ആരോപണങ്ങൾ നെയ്മറിനെയോ ടീമിനെയോ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണെന്നും താരം വ്യക്തമാക്കി.
പീഡനാരോപണം: നെയ്മറിന് പിന്തുണയുമായി സഹതാരങ്ങൾ - നെയ്മർ
താരത്തിന് ടീമംഗങ്ങളുടെയും സ്റ്റാഫിന്‍റെയും പിന്തുണയുണ്ടെന്ന് ബ്രസീല്‍ താരം ഫെർണാന്‍റീന്യോ
കോപ്പ അമേരിക്ക ടൂർണമെന്‍റിനായി തയാറെടുക്കുകയാണ് നെയ്മറും മറ്റ് ബ്രസീല്‍ താരങ്ങളും. പീഡനപരാതി പുറത്ത് വന്നതോടെ കരുതലയോടെയാണ് ബ്രസീല്‍ ടീം മാനേജ്മെന്‍റ് പ്രതികരിച്ചത്. നെയ്മർ ടീമിലെ നിർണായക താരമാണെന്നും അദ്ദേഹത്തിന്‍റെ ആത്മവീര്യം തകർക്കുന്ന കാര്യങ്ങൾ ടീമിനെയും ബാധിക്കുമെന്നും അവർ പറഞ്ഞു. പീഡനാരോപണങ്ങളോട് പ്രതികരിച്ച് നെയ്മർ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു. നെയ്മറുടെ പിതാവും താരത്തിന്‍റെ ഏജന്‍റുമായ നെയ്മർ സാന്‍റേസും താരത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പാരീസിലെ ഒരു ഹോട്ടലില്‍ വച്ച് മെയ് 15ന് നെയ്മർ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. അദ്ദേഹത്തിന്‍റെ സഹായി വിമാന ടിക്കറ്റ് അയച്ച് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. തുടർന്ന് നെയ്മർ ആക്രമാസക്തനാകുകയും ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.