സാവോപോളോ :ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്കുള്ള 23 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നീ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പ അമേരിക്ക കിരീടമെന്ന ലക്ഷ്യവുമായി സ്വന്തം നാട്ടിലിറങ്ങാൻ തയ്യാറെടുക്കുകയാണ് ബ്രസീൽ. 2016-ല്‍ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന്‍റെ തിരിച്ചടികൾ സ്വന്തം ആരാധകരുടെ മുന്നില്‍ ഇത്തവണ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ടിറ്റെ. അതിനായി പരിചയ സമ്പത്തുള്ള താരങ്ങൾക്കൊപ്പം പുത്തന്‍ താരങ്ങളെയും പരിശീലകന്‍ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍
മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നീ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലിവർപൂൾ താരം അലിസൺ ആണ് ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. ഡാനി ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, എഡർ മിലിറ്റാവോ തുടങ്ങിയവര്‍ ഡിഫൻസിൽ അണിനിരക്കുമ്പോള്‍ കാസമിറോ, കുട്ടീഞ്ഞോ, ആര്‍തര്‍ മെലോ തുടങ്ങിയവർ മധ്യനിരയിൽ അണിനിരക്കും. നെയ്മര്‍, ഫിര്‍മിനോ, ഗബ്രയേല്‍ ജെസൂസ് അടങ്ങുന്ന മുന്നേറ്റ നിരയാണ് ടീമിന്‍റെ ശക്തി. ഖത്തര്‍, ഹോണ്ടുറാസ് ടീമുകൾക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിലും ഈ ടീം തന്നെ കളിക്കും. ജൂണ്‍ 14 ന് കോപ്പയുടെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയാണ് കാനറികളുടെ എതിരാളികള്‍.