ഭുവനേശ്വർ: മധ്യനിരതാരമായിരുന്ന സാമുവല്‍ ലാല്‍മുവാന്‍പുയ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു. ഇന്ത്യന്‍ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 കാരനായ സാമുവലിന്‍റെ പുതിയ തട്ടകം ഒഡിഷ എഫ്‌സിയാണ്. സന്ദേശ് ജിങ്കന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്ന രണ്ടാമത്തെ താരമാണ് സാമുവല്‍. കഴിഞ്ഞ സീസണില്‍ ഏറെ പ്രതീക്ഷകളോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. പരിശീലകന്‍ എല്‍കോ ഷട്ടോരി അഞ്ച് കളികളില്‍ മാത്രമാണ് സാമുവലിന് ബൂട്ടണിയാന്‍ അവസരം നല്‍കിയത്.
ബ്ലാസ്റ്റേഴ്‌സ് താരം സാമുവല്‍ ലാല്‍മുവാന്‍പുയ ഇനി ഒഡിഷക്ക് ഒപ്പം - സാമുവല്‍ ലാല്‍മുവാന്‍പുയ വാർത്ത
കഴിഞ്ഞ സീസണില്‍ ഏറെ പ്രതീക്ഷകളോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ സാമുവല്‍ ലാല്‍മുവാന്‍പുയക്ക് പരിശീലകന്‍ എല്‍കോ ഷട്ടോരി അഞ്ച് കളികളില്‍ മാത്രമാണ് അവസരം നല്‍കിയത്
അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സാമുവല്‍ മിസോറാമില്‍ നിന്നുള്ള താരമാണ്. 2015 മുതല്‍ 2018 വരെ ഷില്ലോങ് ലജോങ് ടീമിന് വേണ്ടി കളിച്ചിരുന്ന താരം 2018-19 സീസണില്‍ വായ്പാടിസ്ഥാനത്തില്‍ മിനര്‍വ പഞ്ചാബിനായും ബൂട്ടുകെട്ടി. മിനര്‍വയില്‍ നിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വരവ്. ഒഡിഷക്ക് വേണ്ടി കളിക്കാനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സാമുവല്‍ പറഞ്ഞു. ഭുവനേശ്വറിലെ ആരാധകർക്ക് മുമ്പാകെ കളിക്കുന്നത് വ്യത്യസ്ഥ അനുഭവമാകും. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.