ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സിന്‍റെ തലപ്പത്ത് അടിമുടി മാറ്റങ്ങളാണ് മാനേജ്മെന്‍റ് നടത്തിയിരിക്കുന്നത്. സി.ഇ.ഒ ആയിരുന്ന വരുൺ ത്രിപുനേനിയുടെ ഒഴിവിലേക്ക് വീരൻ.ഡി.സില്‍വയെ ബ്ലാസ്റ്റേഴ്സ്നിയമിച്ചു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ സി.ഇ.ഒ ആയി രണ്ട് വർഷം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡി സില്‍വ.
ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കാൻ വീരനെത്തുന്നു - വീരൻ ഡി സില്‍വ
മുൻ സി.ഇ.ഒ വരുൺ ത്രിപുനേനിക്ക് പകരക്കാരനായാണ് വീരൻ ഡി സില്‍വയെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആദ്യ രണ്ട് സീസണുകളിലാണ് ഡി സില്‍വ ബ്ലാസ്റ്റേഴ്സിന്‍റെ സി.ഇ.ഒ ആയി പ്രവർത്തിച്ചിരുന്നത്. ഡി സില്‍വയുടെ കീഴില്‍ ആദ്യ സീസണില്‍ ഫൈനലിലെത്താനും കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. ഈ സീസൺ ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും മോശം സീസണായിരുന്നു. രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ നേടാനായത്. ഇതിനിടെയാണ് വരുൺ ത്രിപുനേനി ബ്ലാസ്റ്റേഴ്സിന്‍റെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞത്. ടീമിലേക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതില്‍ സംഭവിച്ച പിഴവും, ആരാധകര്‍ പൂര്‍ണ്ണമായും സ്റ്റേഡിയത്തില്‍ നിന്ന് അകന്നതുമാണ് വരുണ്‍ ത്രിപുരനേനിയുടെ സ്ഥാനം തെറിക്കാന്‍ കാരണം.
നിലവില്‍ പ്രോ കബഡി ടീമായ തമില്‍ തലൈവാസിന്‍റെ സിഇഒ ആയിരുന്നു ഡി സില്‍വ. സൂപ്പർ കപ്പ് മുതലാകും വീരൻ ബ്ലാസ്റ്റേഴ്സിന്‍റെ ചുമതലകൾ വഹിക്കുക. പഴയ ബ്ലാസ്റ്റേഴ്സിനെ ആരാധകർക്ക് നല്‍കുക എന്ന ഭാരിച്ച ദൗത്യമാണ് ഡി സില്‍വക്ക് മുന്നിലുള്ളത്.