മാഡ്രിഡ്:സ്‌പാനിഷ് ലാലിഗയില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് ലെവാന്‍ഡെ. ടേബിള്‍ടോപ്പറായ അത്‌ലറ്റിക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലെവാന്‍ഡെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോയുടെ സ്‌പാനിഷ് ഡിഫന്‍ഡര്‍ മറിയോ ഹെര്‍മോസോയുടെ ഓണ്‍ഗോളിലൂടെ അക്കൗണ്ട് തുറന്ന ലെവാന്‍ഡെ രണ്ടാം പകുതിയുടെ അധികസമയത്ത് വീണ്ടും വലകുലുക്കി. ഇത്തവണ ജോര്‍ജ് ഡിഫ്രുട്ടോസാണ് ലെവാന്‍ഡെക്ക് വേണ്ടി പന്ത് വലയിലെത്തിച്ചത്.
2019 ഡിസംബറിന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ ഒരു ഹോം ഗ്രൗണ്ട് മത്സരത്തില്‍ പരാജയപ്പെടുന്നത്. ലീഗിലെ ഈ സീസണില്‍ സിമിയോണിയുടെ ശിഷ്യന്‍മാരുടെ രണ്ടാമത്തെ തോല്‍വി കൂടിയാണിത്.
ഇതിന് മുമ്പ് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനോടാണ് അത്‌ലറ്റിക്കോ പരാജയപ്പെട്ടത്. റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലും മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലൂയിസ് സുവാരസും കൂട്ടരും പരാജയപ്പെട്ടത്. സുവാരസിന്‍റെ മോശം ഫോമാണ് അത്‌ലറ്റിക്കോക്ക് തിരിച്ചടിയായത്. സീസണില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ യുറുഗ്വന്‍ ഫോര്‍വേഡിന് ഗോളടിക്കാന്‍ സാധിച്ചിട്ടില്ല. സീസണ്‍ ആദ്യം ബാഴ്‌സയില്‍ നിന്നും സിമിയോണിയുടെ തട്ടകത്തിലെത്തിയ സുവാരസ് തുടക്കത്തില്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ അടുത്ത മത്സരത്തില്‍ വിയ്യാറയലാണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. എവേ മത്സരം മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 1.30ന് നടക്കും.
യുവാരസ് ഫോമിലേക്കുയരാത്തതും ഗോള്‍ വരള്‍ച്ചയും ഈ മാസം 24ന് ചാമ്പ്യന്‍സ് ലീഗിലെ 16-ാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയാണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. പുതിയ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ ജയിച്ച് ശീലിച്ച ചെല്‍സിയെ പിടിച്ച് കെട്ടാന്‍ സമിയോണിയുടെ ശിഷ്യന്‍മാര്‍ക്ക് നന്നേ വിയര്‍ക്കേണ്ടിവരും. റൊമേനിയയിലെ നാഷണല്‍ അരീനയില്‍ പുലര്‍ച്ചെ 1.30നാണ് മത്സരം.