മാലി : എഎഫ്‌സി കപ്പിന് യോഗ്യത നേടി ബെംഗളൂരു എഫ്‌സി. ഞായറാഴ്ച നടന്ന മത്സരത്തില്‍ ക്ലബ് ഈഗിള്‍സിനെ കീഴടക്കിയാണ് ബെംഗളൂരു എഎഫ്‌സി കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നേരത്തെ എടികെ മോഹന്‍ ബഗാനും എഎഫ്‌സി കപ്പിന് യോഗ്യത നേടിയിരുന്നു.
മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ (25ാം മിനുട്ടില്‍) ജയേഷ് റാണെയാണ് ടീമിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ഗ്രൂപ്പ് ഡിയിലാണ് ബെംഗളൂരു സ്ഥാനം നേടിയത്.
also read: കനേഡിയൻ ഓപ്പണ്‍: മെദ്‌വെദേവിനും കാമില ജിയോർജിക്കും കിരീടം
എടികെ മോഹന്‍ ബഗാനും ഇതേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. മസിയ എസ് ആന്‍ഡ് ആര്‍സി, ബഷുന്ധര കിങ്‌സ് എന്നീ ക്ലബ്ബുകളും ഗ്രൂപ്പ് ഡിയുടെ ഭാഗമാണ്. ഓഗസ്റ്റ് 18ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനാണ് ബെംഗളൂരുവിന്‍റെ എതിരാളി. മാലി നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക.
അതേസമയം ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സാര്‍ഥക് ഗൊളൂയി, ജയേഷ് റാണെ, രോഹിത് കുമാര്‍, ഡാനിഷ് ഫാറൂഖ്, ബിദ്യാസാഗര്‍ സിങ്, ശിവശക്തി നാരായണ്‍ എന്നീ താരങ്ങള്‍ ഈഗിള്‍സിനെതിരെ അരങ്ങേറ്റം നടത്തി.