ലേവർക്യൂസന്‍: ജോർജ് ഫ്ലോയിഡ് സംഭവത്തില്‍ ജർമന്‍ ബുണ്ടസ് ലീഗയില്‍ പ്രതിഷേധം തുടരുന്നു. ബയേർ ലേവർക്യൂസനെതിരായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് താരങ്ങൾ ഇറങ്ങിയത് ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്ന ആം ബാന്‍ഡ് ധരിച്ച്. ഇത് സംബന്ധിച്ച് ചിത്രം സഹിതം മ്യൂണിക്ക് ട്വീറ്റ് ചെയ്തു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ലേവർക്യൂസന്‍റെ മൈതാനമായ ബേ അരീനയില്‍ കാണികളില്ലാതെയാണ് മത്സരം നടന്നത്.
ഫ്ലോയിഡിന് ആദരമർപ്പിച്ച് ബയേണ്‍ മ്യൂണിക്ക്
ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്ന ആം ബാന്‍ഡ് ധരിച്ചാണ് ലേവർക്യൂസിനെതിരായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് താരങ്ങൾ കളത്തിലിറങ്ങിയത്
നേരത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സമയത്ത് ലേവർക്യൂസനും വർണ വിവേചനത്തിന് എതിരെ പ്രതികരിച്ചിരുന്നു. ബ്ലാക്ക് ലിവ്സ് മാറ്റർ എന്ന ടീ ഷർട്ട് അണിഞ്ഞാണ് താരങ്ങൾ പരിശീലനം നടത്തിയത്. ലേവർക്യൂസന്‍ നടത്തുന്ന റെഡ്സ് എഗെയിന്‍സ്റ്റ് റാസിസം ക്യാമ്പയിന്‍റെ ഭാഗമായാണ് ടീം അംഗങ്ങൾ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ മിനിയാപോളിസില്‍ വെച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ട്കൊണ്ട് പൊതുയിടത്തില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഫ്ലോയിഡിന്‍റെ ദാരുണാന്ത്യം ദൃശ്യങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതോടെ വർണവെറിക്കെതിരായ പ്രതിഷേധം അണപൊട്ടുകയായിരുന്നു.
മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലേവർക്യൂസനെ പരാജയപ്പെടുത്തി. ജയത്തോടെ ബയേണ്‍ ബുണ്ടസ് ലീഗയില്‍ കിരീട നേട്ടത്തിന് തൊട്ടരികിലെത്തി. 69 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതാണ് ബയേണ്‍.