ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ആദ്യപാദ സെമിഫൈനലിന്‍റെ രണ്ടാം മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളുമായി ഏറ്റുമുട്ടും. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിലാണ് മത്സരം.
ലാലിഗയില്‍ മൂന്ന് മത്സരം ശേഷിക്കെ കിരീടം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടുന്നത്. പതിനൊന്ന് വർഷത്തിനിടെ ബാഴ്സലോണയുടെ എട്ടാമത്തെയും തുടർച്ചയായ രണ്ടാമത്തെയും ലീഗ് കിരീടമാണിത്. മറുവശത്ത് ലിവർപൂൾ പ്രീമിയർ ലീഗില്‍ തുടരുന്ന ഫോമിന്‍റെ കരുത്തിലാണ് ഇന്നിറങ്ങുന്നത്. ക്വാർട്ടറില്‍ ലിവർപൂൾ-എഫ്സി പോർട്ടോയെയും ബാഴ്സലോണ-മാഞ്ചസ്റ്റർ യുണൈറ്റഡിനെയുമാണ് തോല്‍പ്പിച്ചത്.
അവസാന 10 കളിയില്‍ ബാഴ്സലോണ തോല്‍വി വഴങ്ങിയിട്ടില്ല. ലയണല്‍ മെസി, ലൂയിസ് സുവാരസ്, ഫിലിപ്പെ കുട്ടീഞ്ഞ്യോ എന്നിവരാണ് ബാഴ്സയുടെ കരുത്ത്. ഈ സീസണില്‍ 45 കളിയില്‍ നിന്നും മെസി 46 ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗില്‍ ഇംഗ്ലീഷ് ടീമുകൾക്കെതിരെ മികച്ച റെക്കോഡും മെസിക്കുണ്ട്. മറുവശത്ത് ലിവർപൂളിന്‍റെ ആക്രമണനിരയിലും ശക്തരായ താരങ്ങളുണ്ട്. മുഹമ്മദ് സാലാ, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നീ ആക്രമണ ത്രയം ഏത് പ്രതിരോധത്തെയും ഭേദിക്കാൻ കഴിവുള്ളവരാണ്. സാലായും മാനെയും പ്രീമിയർ ലീഗിലെ ടോപ് സ്കോറർമാരില്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. എതിരാളികളുടെ പകുതിയിലേക്ക് നിരന്തം ഇരച്ചുകയറുന്ന ശൈലി ഈ മത്സരത്തിലും തുടർന്നാല്‍ ക്ലോപ്പിന്‍റെ ചെമ്പടക്ക് കാര്യങ്ങൾ എളുപ്പമാകും.
ബാഴ്സയും ലിവർപൂളും എട്ട് തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ മൂന്ന് മത്സരങ്ങളിലും ബാഴ്സ രണ്ട് മത്സരങ്ങളിലും ജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. സ്വന്തം ഗ്രൗണ്ടില്‍ ലിവർപൂളിനെതിരെ കളിച്ച നാല് കളിയിലും ബാഴ്സയ്ക്ക് ജയിക്കാനായിട്ടില്ല. 2007ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റെ ജയം. ഈ സീസണില്‍ ട്രിപ്പിൾ കിരീടമാണ് ബാഴ്സലോണ ലക്ഷ്യമിടുന്നത്. കോപ്പ ഡെല്‍ റേയുടെ ഫൈനലിലും ബാഴ്സലോണ എത്തിയിട്ടുണ്ട്. വലൻസിയയാണ് ബാഴ്സയുടെ എതിരാളികൾ.