ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ് ആഴ്‌സണലിന്‍റെ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് പിയറി എമെറിക് ഒബമെയാങ്ങിനെ പുറത്താക്കി. അച്ചടക്ക ലംഘനത്തെത്തുടർന്നാണ് നടപടി. ബുധനാഴ്‌ച വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലും താരം ടീമിലുണ്ടാകില്ലെന്നും പരിശീലകൻ മൈക്കൽ ആർട്ടേറ്റ അറിയിച്ചു.
ക്ലബ് അനുവദിച്ചുനൽകിയ അവധിക്ക് ഫ്രാൻസിൽ ഒരു സ്വകാര്യ ആവശ്യത്തിന് പോയ താരം മടങ്ങിയെത്താൻ വൈകിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വൈകിയെത്തിയതിനാൽ ശനിയാഴ്‌ച സതാംപ്‌ടണെതിരായ മത്സരത്തിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
'ഞങ്ങളുടെ എല്ലാ കളിക്കാരും, പ്രത്യേകിച്ച് ഞങ്ങളുടെ ക്യാപ്റ്റൻ, ഞങ്ങൾ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചതുമായ നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നാളത്തെ മത്സരത്തിൽ ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു', ആഴ്‌സണൽ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ALSO READ:ISL: ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ തകർപ്പൻ ഹാട്രിക്ക്: ജംഷഡ്‌പൂരിന്‍റെ വല നിറച്ച് ഒഡിഷയുടെ ജയം
ഇതിനു മുൻപും ഒബമെയാങ്ങ് വൈകിയെത്തിനെത്തുടർന്ന് അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലും ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുൻപുള്ള ടീം മീറ്റിങ്ങിൽ താരം വൈകിയെത്തിയിരുന്നു. അന്ന് താരത്തെ ആ മത്സരത്തിൽ കളിപ്പിക്കാതെ മാറ്റി നിർത്തിയിരുന്നു.