ഗോയിയാനിയ:കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തില്‍ അർജന്‍റീന സെമിയില്‍ കടന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അർജന്‍റീന സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ കൊളംബിയയാണ് അർജന്‍റീനയുടെ എതിരാളികൾ.
ഫ്രീകിക്കിലൂടെ ഒരു തകർപ്പൻ ഗോളും രണ്ട് അസിസ്റ്റുമായി ലയണല്‍ മെസി നിറഞ്ഞു കളിച്ച മത്സരത്തില്‍ തുടക്കം മുതല്‍ അർജന്‍റീനയ്ക്കായിരുന്നു ആധിപത്യം. നായകൻ വലൻസിയ കളഞ്ഞു കളിച്ച മൂന്ന് സുവർണാവസരങ്ങളാണ് മത്സരത്തില്‍ ഇക്വഡോറിന്‍റെ വിധിയെഴുതിയത്.
ആദ്യ ഗോള്‍
ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയുടെ അവസാനത്തിലാണ് അർജന്‍റീന രണ്ട് ഗോളുകൾ കൂടി അടിച്ചത്. 40ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് അര്‍ജന്‍റീനിയുടെ ആദ്യ ഗോള്‍ നേടിയത്. മെസി നടത്തിയ മുന്നേറ്റം തന്നെയാണ് ഗോളിനും വഴിയൊരുക്കിയത്.
മെസിയില്‍ നിന്നും പന്ത് സ്വീകരിച്ച് ലൗറ്റാരോ മാര്‍ട്ടിനെസ് നടത്തിയ മുന്നേറ്റം ബോക്സിന് പുറത്ത് വെച്ച് ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. എന്നാല്‍ പന്ത് ലഭിച്ച മെസി നേരെ ഡി പോളിന് നീട്ടി നല്‍കുകയായിരുന്നു. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനിന്നതോടെ അവസരം പാഴാക്കാതെ പോള്‍ ലക്ഷ്യം കണ്ടു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്.