ടൂറിൻ: യുവന്‍റസ് പരിശീലകനായി ചുമതലയേറ്റ ഇറ്റാലിയൻ ഫുട്ബോൾ മാന്ത്രികൻ ആന്ദ്രേ പിർലോ നയം വ്യക്തമാക്കിത്തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്‌ബയെ തിരികെ യുവന്‍റസിലെത്തിക്കാനാണ് പിർലോയുടെ ആദ്യ നീക്കം. പകരം അർജന്‍റീനൻ താരം പൗലോ ഡെയ്‌ബാലയെ മാഞ്ചസ്റ്ററിന് നല്‍കാനാണ് പിർലോ പദ്ധതിയിടുന്നത്. യുവന്‍റസിലേക്ക് മടങ്ങാൻ പോഗ്‌ബയ്ക്ക് താല്‍പര്യമുണ്ടെന്നാണ് ഫ്രഞ്ച് താരത്തിന്‍റെ മാനേജർ മിനോ റിയോള പറഞ്ഞതായി അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഈ ട്രാൻസ്ഫർ സമയത്തെ ഏറ്റവും പ്രധാന നീക്കമായി യുവന്‍റസ് കാണുന്നത് പോൾ പോഗ്‌ബയുടെ തിരിച്ചുവരവാണ്.
ഡെയ്‌ബാലയെ തരാം... പിർലോയ്‌ക്ക് പോഗ്‌ബയെ വേണം.... മാഞ്ചസ്റ്ററിന്‍റെ മനസലിയുമോ
ഈ ട്രാൻസ്ഫർ സമയത്തെ ഏറ്റവും പ്രധാന നീക്കമായി യുവന്‍റസ് കാണുന്നത് പോൾ പോഗ്‌ബയുടെ തിരിച്ചുവരവാണ്. വെറ്ററൻ താരങ്ങളായ ഗോൺസാലോ ഹിഗ്വയിൻ, ആരോൺ റാംസെ, ഡഗ്ലസ് കോസ്റ്റ, സാമി ഖദീര എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കാനും പിർലോയ്ക്ക് പദ്ധതിയുണ്ട്.
2016ല്‍ മാഞ്ചസ്റ്ററിലേക്ക് പോകുന്നതിന് മുൻപ് നാല് സീസണുകളില്‍ യുവന്‍റസിന്‍റെ പ്രധാനതാരവും നാല് സീരി എ കിരീട നേട്ടങ്ങളില്‍ പങ്കാളിയുമായിരുന്നു പോഗ്‌ബ. 2015ല്‍ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ എത്തിയ യുവെ ടീമിലും പോഗ്‌ബ ഉണ്ടായിരുന്നു. ആ നാല് വർഷം ഇപ്പോഴത്തെ പരിശീലകൻ ആന്ദ്രെ പിർലോയ്ക്കൊപ്പം യുവെയുടെ മധ്യനിര നിയന്ത്രിച്ചിരുന്നത് പോഗ്‌ബയായിരുന്നു. വർഷങ്ങൾക്ക് ശേഷം പിർലോ യുവെ പരിശീലകനായി എത്തുമ്പോൾ ആദ്യം ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത് പോൾ പോഗ്‌ബെയെ ആണെന്നതില്‍ കൗതുകമില്ല. 27കാരനായ പോഗ്‌ബ പരിക്കിന് ശേഷം തിരിച്ചെത്തി മാഞ്ചസ്റ്ററിന്‍റെ മധ്യനിരയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. വരാനിരിക്കുന്ന യൂറോപ്പ ലീഗ് മത്സരങ്ങളില്‍ പോഗ്‌ബയുടെ പ്രകടനം യുണൈറ്റഡിന് നിർണായകമാകും. പോഗ്‌ബയെ നല്‍കി ഡെയ്‌ബാലയെ സ്വീകരിക്കാൻ മാഞ്ചസ്റ്റർ തയ്യാറാകുമോ എന്നാണ് ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
അതേസമയം, 26കാരനായ പൗലോ ഡെയ്‌ബാലയെ ഈ സീസണില്‍ ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. പക്ഷേ പിർലോയ്ക്ക് ഡെയ്‌ബാലയുടെ ഗോളടി മികവില്‍ സംതൃപ്തിയില്ല. പരമ്പരാഗതമായി മധ്യനിര താരമായ ഡെയ്‌ബാലയെ സ്ട്രൈക്കറായി ഉപയോഗിക്കുന്നതിന് പകരം മികച്ച സ്ട്രൈക്കർമാരായ ഡുവാൻ സാപാട്ട, റൗൾ ജിമിനസ്, എഡിൻ സെക്കോ എന്നിവരില്‍ ഒരാളെ ടീമിലെത്തിക്കാനാണ് പിർലോയുടെ ശ്രമം. അതോടൊപ്പം വെറ്ററൻ താരങ്ങളായ ഗോൺസാലോ ഹിഗ്വയിൻ, ആരോൺ റാംസെ, ഡഗ്ലസ് കോസ്റ്റ, സാമി ഖദീര എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കാനും പിർലോയ്ക്ക് പദ്ധതിയുണ്ട്.