കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ലീഗില്‍ റയലിനെ അട്ടിമറിച്ച് അയാക്സ് - RAMOS

കഴിഞ്ഞ മൂന്ന് വർഷവും കിരീടം നേടിയ റയലിനെ അയാക്സിന്‍റെ യുവനിര തകർക്കുകയായിരുന്നു.

അജാക്സ് ടീമംഗങ്ങൾ

By

Published : Mar 6, 2019, 6:33 PM IST

നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യൻസ് ലീഗില്‍ നിന്ന് പുറത്തായി. അയാക്സിനെതിരായ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയല്‍ തോറ്റത്. മഞ്ഞക്കാർഡ് വാങ്ങി പുറത്തിരുന്ന റാമോസിന്‍റെ അഭാവമാണ് റയലിനെ ദയനീയ തോല്‍വിയിലേക്ക് നയിച്ചത്.

റയല്‍ മാഡ്രിഡിന്‍റെ ഹോംഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഡച്ച് ക്ലബായ അയാക്സ് വിജയിച്ചു എന്നത് ഫുട്ബോൾ ആരാധകർക്ക് വേഗത്തില്‍ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. കഴിഞ്ഞ മൂന്ന് വർഷവും ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയ റയലിനെ അയാക്സിന്‍റെ യുവനിര നിലംപരിശാക്കി. ആദ്യ പാദ മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു. എന്നാല്‍ രണ്ട് പാദങ്ങളിലെയും ഗോളുകളുടെ അടിസ്ഥാനത്തില്‍ 5-3ന് മുന്നിലെത്തിയ അയാക്സ് അടുത്ത റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ ഹക്കീം സിയച്ചാണ് ആദ്യ ഗോൾ നേടിയത്. പത്ത് മിനുറ്റുകൾക്ക് ശേഷം ഡേവിഡ് നെറസ് അയാക്സിന്‍റെ ലീഡുയർത്തി. രണ്ടാം പകുതിയുടെ 62ാം മിനുറ്റില്‍ ടഡിച്ചും 72ആം മിനുറ്റില്‍ ഷോനെയും നേടിയ ഗോളുകൾ അയാക്സിനെ വമ്പൻ ജയത്തിലേക്ക് നയിച്ചു. മാർക്കോ അസൻസിയോയാണ് റയലിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ആദ്യ പാദ മത്സരത്തില്‍ പരാജയപ്പെട്ട അയാക്സ് ഇത്തരത്തിലൊരു അട്ടിമറി ജയം നേടുമെന്ന് അവരുടെ കടുത്ത ആരാധകര്‍ പോലും കരുതിയിരുന്നില്ല. ബെര്‍ണബ്യൂവില്‍ റയലിന്‍റെ തുടർച്ചയായ നാലാം പരാജയമാണിത്. 2002-03 സീസണിന് ശേഷം ഇതാദ്യമായാണ് അജാക്സ് ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറില്‍ കടക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മണ്ടിനെ കീഴടക്കി ഇംഗ്ലീഷ് ക്ലബായ ടോട്ടനം ലീഗിന്‍റെ ക്വാർട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടോട്ടനത്തിന്‍റെ ജയം. 41ാം മിനുറ്റില്‍ ഹാരി കെയ്നാണ് ടോട്ടനത്തിന്‍റെ വിജയഗോൾ നേടിയത്. ആദ്യ പാദ മത്സരത്തില്‍ 3-0ന് ജയിച്ച ടോട്ടനം ഇതോടെ 4-0 എന്ന ഗോളടിസ്ഥാനത്തില്‍ ക്വാർട്ടർ ഉറപ്പിച്ചു. 2010-11 സീസണിലാണ് ടോട്ടനം അവസാനമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറില്‍ പ്രവേശിക്കുന്നത്.

ABOUT THE AUTHOR

...view details