ഹൈദരാബാദ്: കൊല്‍ക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. ഏറ്റുമുട്ടുന്നത് ഇന്ത്യൻ ഫുട്‌ബോളിന്‍റെ ചരിത്രം പറയുന്ന രണ്ട് ടീമുകൾ. മോഹൻ ബഗാനെ ഈസ്റ്റ് ബംഗാൾ നേരിടുമ്പോൾ സാൾട്ട് ലേക്ക് സ്റ്റേഡിയം മാത്രമല്ല, ബംഗാൾ ജനത രണ്ടായി വേർപിരിയും. വിഭജനത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും വേദനയുടെയും കഥ മാത്രമല്ല, കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും നിറയുന്നതാണ് കൊല്‍ക്കത്തയുടെ ഫുട്ബോൾ രാഷ്ട്രീയം.
ആദ്യം കിഴക്കന്‍ ബംഗാള്‍ മേഖലയുടെ പ്രാദേശിക വാദമായി ഈസ്റ്റ് ബംഗാളിനെ കണ്ടെങ്കിലും പിന്നീട് കൊല്‍ക്കത്തയുടെ വികാരമായി ഈസ്റ്റ് ബംഗാൾ മാറുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്‍റെ 100ാം വാര്‍ഷികാഘോഷം. ബംഗാളിന്‍റെ മണ്ണിലും രക്തത്തിലും അലിഞ്ഞുചേർന്ന ഈസ്റ്റ് ബംഗാൾ രൂപം കൊണ്ടിട്ട് ഇന്ന് നൂറ് വയസ്. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ ശക്തിയായിരുന്ന മോഹൻ ബഗാനില്‍ നിന്ന് പിളർന്ന് ഈസ്റ്റ് ബംഗാൾ രൂപീകരിച്ചതിന് വിവേചനത്തിന്‍റെയും വിഭജനത്തിന്‍റെയും കാല്‍പ്പന്തിനോട് മാത്രമുള്ള സ്നേഹത്തിന്‍റെയും കഥയാണ്.
ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ (ഫയല്‍ ചിത്രം). 1928 ജൂലൈ 28ന് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് കിഴക്കന്‍ ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിരോധതാരം സൈലേഷ് ബോസ് ഉള്‍പ്പെടെ രണ്ട് കളിക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നിന് ജോരാബഗാന്‍ വൈസ് പ്രസിഡന്‍റ് സുരേഷ് ചന്ദ്ര ചൗധരിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ബംഗാൾ എന്ന പേരില്‍ ക്ലബ് രൂപീകരിച്ചു. ആദ്യം കിഴക്കന്‍ ബംഗാള്‍ മേഖലയുടെ പ്രാദേശിക വാദമായി ഈസ്റ്റ് ബംഗാളിനെ കണ്ടെങ്കിലും പിന്നീട് കൊല്‍ക്കത്തയുടെ വികാരമായി ഈസ്റ്റ് ബംഗാൾ മാറുകയായിരുന്നു.
ബംഗാളിന്‍റെ രാഷ്‌ട്രീയ സാംസ്‌കാരിക ഭൂപടത്തില്‍ കാല്‍പ്പന്തുകൊണ്ട് ഈസ്റ്റ് ബംഗാൾ ചരിത്രം രചിക്കുകയായിരുന്നു. 16 തവണ ഡ്യൂറന്‍റ് കപ്പ്, 28 തവണ ഐഎഫ്‌എ ഷീല്‍ഡ്, എട്ട് തവണ ഫെഡറേഷന്‍ കപ്പ്, മൂന്ന് ഐ ലീഗ്, മൂന്ന് ഇന്ത്യൻ സൂപ്പർ കപ്പ് ഉള്‍പ്പെടെ ഈസ്റ്റ് ബംഗാള്‍ ഇന്ത്യൻ ഫുട്ബോളിന്‍റെ ഹൃദയത്തിലേക്കാണ് പന്തടിച്ചുകയറ്റിയത്.
ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുന്ന സ്‌പാനിഷ് ലീഗിലെ എല്‍ക്ലാസിക്കോ, ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ ടീമുകൾ ഏറ്റുമുട്ടുന്ന മാഞ്ചസ്റ്റർ ഡർബി, ഇറ്റലിയില്‍ എസി മിലാനും ഇന്‍റർ മിലാനും ഏറ്റുമുട്ടുമ്പോൾ മിലാൻ ഡർബി. ഫിഫ പുറത്തിറക്കിയ ക്ലാസിക് ഡെർബികളില്‍ നമ്മുടെ ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ പോരാട്ടവുമുണ്ട്. കൊല്‍ക്കത്തയുടെ കാല്‍പ്പന്ത് ആവേശവും പോരാട്ട വീര്യവും ലോകം അംഗീകരിച്ചതില്‍ അതഭുതപ്പെടാനില്ല. കാരണം അവർ ഹൃദയം കൊണ്ടാണ് പന്ത് തട്ടുന്നത്.
ക്ലബ് രൂപീകരിച്ചിട്ട് ഇന്ന് 100 വർഷം തികയുമ്പോൾ ഈസ്റ്റ് ബംഗാൾ ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ചത് നിരവധി പ്രതിഭകളെയാണ്. പികെ ബാനർജി മുതല്‍ രാമൻ വിജയൻ, ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയൻ, സുനില്‍ ഛേത്രി വരെയുള്ള ഇന്ത്യൻ പ്രതിഭകൾ തങ്ങളുടെ മാറ്റ് തെളിയിച്ചത് ഈസ്റ്റ് ബംഗാളിന്‍റെ തട്ടകത്തിലാണ്. 100-ാം വയസില്‍ ഈസ്റ്റ് ബംഗാൾ പഴയ പ്രതാപത്തിലല്ല. സാമ്പത്തിക ബാധ്യതയും ഐഎസഎല്ലിന്‍റെ വരവും ഈസ്റ്റ് ബംഗാൾ പ്രതാപ കാലത്തിന്‍റെ ഓർമകളില്‍ മാത്രമാകുകയാണ്.
ഈസ്റ്റ് ബംഗാള്‍ മത്സരത്തിനിടെ (ഫയല്‍ ചിത്രം). പരമ്പരാഗത വൈരികളായ മോഹൻ ബഗാൾ ഐഎസ്എല്‍ ക്ലബായ എടികെയുമായി ലയിച്ച് ഐഎസ്എല്ലിലേക്ക് പോകുന്നതോടെ ഐ ലീഗില്‍ മാത്രമായി ഈസ്റ്റ് ബംഗാൾ ഒതുങ്ങും. ഈസ്റ്റ് ബംഗാൾ വെറുമൊരു ഫുട്ബോൾ ക്ലബ് മാത്രമല്ല, ബംഗാളിന്‍റെ രാഷ്ട്രീയവും സാംസ്കാരിക ബോധവും നെഞ്ചിലേറ്റുന്ന കാല്‍പന്ത് ആവേശമാണത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇരമ്പിയാർക്കുന്ന ഒരു ജനതയുടെ വൈകാരിക തലം കൂടിയാണ് ഈസ്റ്റ് ബംഗാൾ. 100-ാം വയസിലും ചുവപ്പും മഞ്ഞയും കലർന്ന ആ ജേഴ്‌സിയില്‍ നിറയുന്ന ആവേശം അണയാതെ കാത്തു സൂക്ഷിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിയട്ടെ...