മുംബൈ:കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചാഹലിന്‍റെ ഹാട്രിക് മികവിലാണ് കൈവിട്ട് പോയ മത്സരത്തിൽ രാജസ്ഥാൻ ഏഴ് റൺസിന്‍റെ ആവേശജയം നേടിയത്. ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് പ്രകടനവുമായി രാജസ്ഥാന് വിജയം സമ്മാനിക്കുകയായിരുന്നു ചാഹല്‍. ഹാട്രികിന് പിന്നാലെ തന്‍റെ പ്രസിദ്ധമായ മീം അനുകരിച്ചത് ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
17–ാം ഓവറിലെ ആദ്യ പന്തിൽ വെങ്കിടേഷ് അയ്യരെ പുറത്താക്കിയ ചാഹൽ പിന്നീട് ശ്രേയസ് അയ്യർ, ശിവം മവി, പാറ്റ് കമ്മിൻസ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് ഹാട്രിക് തികച്ചത്. കമ്മിൻസിനെ പുറത്താക്കി ഹാട്രിക്ക് തികച്ചതിനു പിന്നാലെ ഫീൽഡിലെ കവർ ഭാഗത്തേക്ക് ഓടിയെത്തിയ ചാഹൽ ഗ്രൗണ്ടിൽ വീണു കിടന്നുകൊണ്ട് കാമറകളിലേക്കു നോക്കി.
ഇതുപോലെ, 2019 ലോകകപ്പില്‍ സഹതാരങ്ങൾക്കുള്ള വെള്ളക്കുപ്പികളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചാഹലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഐപിഎല്ലില്‍ തന്‍റെ കന്നി ഹാട്രിക്കിന് പിന്നാലെ ഇത് അനുകരിയ്‌ക്കുകയായിരുന്നു ചാഹൽ. ട്രോളന്മാരുടെ പ്രധാന മീമായി ഇപ്പോഴുമത് സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ALSO READ:IPL 2022 | തകർത്തടിച്ച് ബട്‌ലർ, കറക്കി വീഴ്‌ത്തി ചാഹൽ; കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് ജയം
ഇതൊരു പഴയ മീം പോലെയാണ്. 2019 ലോകകപ്പില്‍ ഞാന്‍ ബൗണ്ടറിയിലായിരുന്നു. ഞാൻ ആ മത്സരം കളിച്ചില്ല. ആ മീം അന്ന് വളരെയധികം ശ്രദ്ധയാകർശിച്ചിരുന്നു' എന്നും പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം ചാഹൽ പറഞ്ഞു. ഹാട്രിക്കിന് പിന്നാലെ ചാഹല്‍ നടത്തിയ ആഘോഷം ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തു.