ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ കന്നി സെഞ്ച്വറിയാണ് ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍ നേടിയത്. 97 പന്തില്‍ 130 റണ്‍സടിച്ച താരത്തിന്‍റെ മികവില്‍ മത്സരം പിടിച്ച ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്‌തു. തന്‍റെ കന്നി സെഞ്ച്വറി പ്രകടനത്തിന് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിങ്ങിന്‍റെ ഉപദേശം ഗുണം ചെയ്‌തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
"സിംബാബ്‌വെയിലേക്ക് പുറപ്പെടും മുമ്പ് അദ്ദേഹത്തെ (യുവ്‌രാജ് സിങ്) കണ്ടിരുന്നു. ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും, ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ നന്നായി മുന്നോട്ട് പോവാനുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സെഞ്ച്വറി നേടാന്‍ സാധിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അത് ഉടന്‍ തന്നെ സംഭവിക്കുമെന്നും എനിക്ക് മറുപടി നല്‍കി", ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ ഗില്‍ പറഞ്ഞു.
ഈ മത്സരത്തിന് മുന്നെ 11 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ച ഗിൽ ടെസ്റ്റില്‍ നാലും, ഏകദിനത്തില്‍ മൂന്നും അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നെങ്കിലും മൂന്നക്കം തൊടാനായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഒരു മത്സരത്തില്‍ 98 റണ്‍സടിച്ച താരം പുറത്താവാതെ നിന്നിരുന്നു. സിംബാബ്‌വെയിലെ നേട്ടത്തോടെ യുവ്‌രാജിനും വിരാട് കോലിക്കും ശേഷം വിദേശത്ത് ഏകദിന സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമാകാനും 22 കാരനായ ഗില്ലിന് കഴിഞ്ഞു.
കൂടാതെ ഏതൊരു ഇന്ത്യന്‍ താരത്തിന്‍റെയും സിംബാബ്‌വെയിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കര്‍ 24 വർഷം മുന്നെ നേടിയ റെക്കോഡാണ് ഗില്‍ തിരുത്തിയെഴുതിയത്. 1998ൽ ബുലവായോയിൽ പുറത്താകാതെ 127 റൺസായിരുന്നു സച്ചിന്‍റെ റെക്കോഡ്.
അമ്പാട്ടി റായിഡു (124* റണ്‍സ്, ഹരാരെ-2015), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (122* റണ്‍സ്, ഹരാരെ-2001, യുവ്‌രാജ് സിങ് (120 റണ്‍സ്, ഹരാരെ 2005) എന്നിങ്ങനെയാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനത്തുള്ളവരുടെ സമ്പാദ്യം.