ഹൈദരാബാദ് : മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വൈകാരികമായ കത്തുമായി മുൻ ഓൾറൗണ്ടർ യുവരാജ് സിങ്. ഡല്‍ഹിയിലെ കൊച്ചുകുട്ടിക്ക് എന്നെഴുതിക്കൊണ്ട് വിരാടിനെ ടാഗ് ചെയ്‌ത യുവരാജ് കത്ത് ട്വീറ്റില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഒരു ക്രിക്കറ്ററെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും കോലിയെ അനുസ്മരിച്ചുകൊണ്ടുള്ള കത്തില്‍, താരം രാജ്യത്തിന് പ്രചോദനമാണെന്നും യുവരാജ് കുറിച്ചിട്ടുണ്ട്.
'വിരാട്, നിങ്ങൾ ഒരു ക്രിക്കറ്ററായും ഒരു വ്യക്തിയായും വളരുന്നത് ഞാൻ കണ്ടു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നടന്ന ആ ചെറുപ്പത്തിൽ നിന്ന്, നിങ്ങൾ ഇപ്പോൾ പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്ന ഇതിഹാസമാണ്.
നെറ്റ്‌സില്‍ നിങ്ങള്‍ പുലര്‍ത്തുന്ന അച്ചടക്കവും, കളിക്കളത്തിലെ അഭിനിവേശവും സ്‌പോർട്‌സിനോടുള്ള അർപ്പണബോധവും ഈ രാജ്യത്തെ എല്ലാ കൊച്ചുകുട്ടികളെയും ബാറ്റ് എടുക്കാനും ഒരു ദിവസം നീല ജഴ്‌സി ധരിക്കാനും പ്രേരിപ്പിക്കുന്നു.
ഓരോ വർഷവും നിങ്ങൾ നിങ്ങളുടെ ക്രിക്കറ്റിന്‍റെ നിലവാരം ഉയർത്തി, ഈ അത്ഭുതകരമായ ഗെയിമിൽ ഇതിനകം വളരെയധികം നേട്ടങ്ങൾ നിങ്ങള്‍ക്ക് സ്വന്തമായുണ്ട്. നിങ്ങൾ ഒരു ഇതിഹാസ ക്യാപ്റ്റനും മികച്ച നേതാവുമാണ്.
also read:ട്വിസ്റ്റായത് ചേച്ചിയുടെ കാര്‍ട്ടൂണ്‍ ഭ്രമം, കുരുക്കിട്ടും അഴിച്ചും പഠിച്ചു ; കാള്‍സണെ തറപറ്റിച്ച പ്രജ്ഞാനന്ദന്‍റെ നാള്‍വഴി
എപ്പോഴും ഉള്ളിലെ തീ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുക. നിങ്ങളൊരു സൂപ്പർ സ്റ്റാറാണ്. രാജ്യത്തിന് അഭിമാനം പകരുന്നത് തുടരുക'- യുവരാജ് കുറിച്ചു. അതേസമയം ഇതോടൊപ്പം കോലിക്ക് ഒരു പ്രത്യേക ഗോൾഡൻ ബൂട്ട് നല്‍കുന്നതായും യുവരാജ് വ്യക്തമാക്കിയിട്ടുണ്ട്.