ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) ക്രിക്കറ്റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരായ ഇന്ത്യയുടെ (India vs Nepal) വിജയത്തില്‍ നിര്‍ണായ പങ്കാണ് യുവ താരം യശസ്വി ജയ്‌സ്വാളിനുള്ളത് (Yashasvi Jaiswal). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി 49 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഏഴ് സിക്‌സും സഹിതം 100 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ സെഞ്ചുറിയാണിത്. പ്രകടനത്തോടെ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഒരു വമ്പന്‍ റെക്കോഡ് തകര്‍ക്കാനും യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു (Yashasvi Jaiswal Breaks Shubman Gill's T20I Century Record). അന്താരാഷ്‌ട്ര ടി20യില്‍ ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യശ്വസി ജയ്‌സ്വാള്‍ തൂക്കിയത് (Yashasvi Jaiswal youngest India to score a T20I century).
നേപ്പാളിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 21 വയസും 13 ദിവസവുമായിരുന്നു യശസ്വിയുടെ പ്രായം. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) സെഞ്ചുറി നേട്ടം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഗില്‍ ടി20യിലെ തന്‍റെ കന്നി സെഞ്ചുറിയടിച്ചത്.
ഇതോടൊപ്പം ടി2യില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും യശസ്വിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നേപ്പാളിനെതിരെ സെഞ്ചുറിയിലേക്ക് എത്താന്‍ 48 പന്തുകളാണ് യശസ്വിയ്‌ക്ക് വേണ്ടി വന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (Rohit Sharma) പട്ടികയില്‍ തലപ്പത്തുള്ളത്.