ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്‌സിൽ ഓസീസ് ഉയർത്തിയ 469 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 151 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യ ഇപ്പോൾ ഓസ്‌ട്രേലിയയെക്കാൾ 318 റണ്‍സിന് പുറകിലാണ്. നിലവിൽ 29 റണ്‍സുമായി അജിങ്ക്യ രഹാനെയും അഞ്ച് റണ്‍സുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ഏകദിന ശൈലിയിലുള്ള തുടക്കമാണ് നൽകിയത്. അമിത പ്രതിരോധം ഒഴിവാക്കി ആക്രമിച്ച് കളിക്കാൻ തന്നെയായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ തീരുമാനം. 5.5 ഓവറിൽ ഇരുവരും ചേർന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാൽ ഓവറിന്‍റെ അവസാന പന്തിൽ രോഹിതിനെ ഇന്ത്യക്ക് നഷ്‌ടമായി.
26 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 15 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിൻസ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ഗില്ലിനെയും പുറത്താക്കി ഓസീസ് ഇന്ത്യക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന യുവതാരത്തെ സ്‌കോട്ട് ബോളണ്ട് ബൗൾഡാക്കുകയായിരുന്നു. ഓഫ് സൈഡില്‍ വന്ന പന്ത് ഗില്‍ ലീവ് ചെയ്തെങ്കിലും ഇന്‍സ്വിങ്ങറായി മാറിയ പന്ത് താരത്തിന്‍റെ സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു.
പുറത്താകുമ്പോൾ 15 പന്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 13 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. ഓപ്പണർമാർ പുറത്തായതോടെ ക്രീസിലൊന്നിച്ച വിരാട് കോലിയും ചേതേശ്വർ പുജാരയും ചേർന്ന് പ്രതിരോധിച്ച് കളിച്ച് തുടങ്ങി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50ൽ എത്തിച്ചെങ്കിലും പുജാരയെ ഇന്ത്യക്ക് നഷ്‌ടമായി. ഗില്ലിനെപ്പോലെ പന്ത് ലീവ് ചെയ്‌ത പുജാരയ്‌ക്ക് പിഴയ്‌ക്കുകയായിരുന്നു.